കുംഭമേളയിലെ ജനത്തിരക്കില്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യക്ക് ദേഹാസ്വാസ്ഥ്യം

അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ ദേഹാസ്വാസ്ഥ്യം.
തിരക്കേറിയതും അപരിചിതവുമായ അന്തരീക്ഷം കാരണം പവല്‍ ജോബ്സിന് അലര്‍ജി ഉണ്ടായതായി അവര്‍ താമസിക്കുന്ന ക്യാമ്പിലെ ആത്മീയ നേതാവ് സ്വാമി കൈലാഷാനന്ദ് ഗിരി വെളിപ്പെടുത്തി..

ഞായറാഴ്ച വൈകീട്ടാണ് കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ലോറീന്‍ പവല്‍ ജോബ്‌സ് പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളില്‍ അവര്‍ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. കുംഭമേളയ്‌ക്കെത്തുന്നതിനുമുന്‍പ് ഈ മാസം 11-ന് അവര്‍ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ സ്വാമി കൈലാഷാനന്ദ് ഗിരി ക്യാമ്പില്‍ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്പോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും കൈലാഷാനന്ദ് ഗിരി അറിയിച്ചു.

ഹൈന്ദവ മതവിശ്വാസത്തില്‍ ആകൃഷ്ടയായ അറുപത്തൊന്ന് കാരിയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവര്‍ കുംഭമേളയ്‌ക്കെത്തിയത്. അതേസമയം, മഹാ കുംഭമേളയിലേക്ക് ആദ്യ ദിനത്തില്‍ മാത്രം ഒന്നര കോടിയോളം പേരാണ് സ്‌നാനത്തില്‍ പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top