സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് സംഘടിപ്പിക്കും;കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും;വി ശിവന്‍കുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിച്ചു. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബര്‍ 4, 5 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ വെച്ച് നടത്തും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂര്‍ ജില്ലയില്‍ വെച്ച് സെപ്തംബര്‍ 25, 26, 27 തീയതികളില്‍ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയില്‍ നവംബര്‍ 14, 15, 16, 17 തീയതികളില്‍ നടത്തും. കരിയര്‍ ഗൈഡന്‍സ് ദിശ എക്സ്പോ ഒക്ടോബര്‍ 5, 6, 7, 8, 9 തീയതികളില്‍ തൃശൂര്‍ ജില്ലയില്‍ വെച്ചാണ് നടത്തുന്നത്. ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വല്‍ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപ്ക്സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റണമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിമ്പിക്‌സ് മാതൃകയില്‍. ഒളിമ്പിക്‌സ് മാതൃകയില്‍ അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെ കായിക മേളയും നടക്കും. സ്പോര്‍ട്സ് മേള എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളില്‍ നടത്തും.

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്കായുള്ള പുസ്തകം തയ്യാറാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കുന്നത്. പ്രീപ്രൈമറി തലം, എല്‍.പി. യു.പി. തലം, ഹൈസ്‌കൂള്‍ തലം, ഹയര്‍ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥി അധ്യാപക രക്ഷകര്‍ത്തൃ ബന്ധം വളര്‍ത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

Share news
error: Content is protected !!
Scroll to Top