തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി

തിരൂരങ്ങാടി: നഗരസഭ ഓപ്പേറഷന്‍ ഹെല്‍ത്ത് ഷീല്‍ഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പരിശോധനയില്‍ പഴകിയ മത്സ്യം വില്‍പന ചെയ്ത രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നഗരസഭാ പരിധിയില്‍ റോഡ് കൈയ്യേറിയുള്ള വാഹനങ്ങളില്‍ മത്സ്യ വില്‍പ്പന കണ്ടെത്തുന്നതിന് പരിശോധന നടത്തിയതിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.

കക്കാട് ജംഗ്ഷനില്‍ പൊതു റോഡില്‍ വെച്ച് മത്സ്യം വില്‍പ്പന നടത്തി വന്നിരുന്ന വാഹനവും മമ്പുറം ജംഗ്ഷനില്‍ ഗുഡ്‌സ് ഓട്ടോയില്‍ മത്സ്യം വില്‍പ്പന നടത്തിയിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു. രണ്ട് വാഹനത്തില്‍ നിന്നും ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെയും സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തള്‍,കിളി മീന്‍, ദ്വീപ് അയല എന്നിവ പിടിച്ച് കസ്റ്റഡിയില്‍ എടുത്ത് നശിപ്പിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ റോഡ് കൈയ്യേറി കച്ചവടം ചെയ്യുന്ന 7 വാഹനങ്ങള്‍ പിടിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ പരിശോധന എന്ന നിലയ്ക്കാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. ഓപ്പറേഷന്‍ ഹെല്‍ത്ത് ഷീല്‍ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും നഗരസഭ 1.5 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കിയിരുന്നു. ഓരോ വാഹനത്തിനും 10,000/ രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നല്‍കിയിരുന്നത്.

പരിശോധനയുടെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്തും കോഴിക്കോട് റോഡിലും കച്ചവടത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അനധികൃത വ്യാപാരം പൂര്‍ണ്ണമായും നിരോധിച്ച ഈ മേഖലയില്‍ പൊതു റോഡ് കൈയ്യേറി കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.

ഇന്നലെ നടന്ന ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറി റംസി ഇസ്മായില്‍ നേതൃത്വം നല്‍കി. പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് എ, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സ്മിത പിപി, വിജേഷ്‌കുമാര്‍ കെ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top