ഷാജി എന്‍. കരുണിന് ശ്രീലങ്കന്‍ സിനിമയുടെ ആദരം

പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണിന് ശ്രീലങ്കന്‍ സിനിമയുടെ ആദരം. ശ്രീലങ്കയില്‍ നടന്ന പത്താമത് ഇന്റര്‍നാഷണല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയര്‍പേഴ്സന്‍ കൂടിയായിരുന്നു ഷാജി എന്‍. കരുണ്‍. ശ്രീലങ്കയിലെ നാഷണല്‍ യൂത്ത് സര്‍വീസസ് കൗണ്‍സിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

NETPAC, ഏഷ്യന്‍ ഫിലിം സെന്റര്‍ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണല്‍ യൂത്ത് സര്‍വീസസ് കൗണ്‍സില്‍ വര്‍ഷം തോറും കൊളംബോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ യുവ സിനിമാ പ്രതിഭകളെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്രീലങ്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വളര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ദേശീയ അന്തര്‍ദേശീയ വിഭാഗങ്ങളില്‍ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിന് മേള വേദി ഒരുക്കുന്നുണ്ട്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയ ഷാജി എന്‍ കരുണ്‍ പ്രശസ്ത സംവിധായകന്‍ അരവിന്ദന്റെ ചിത്രങ്ങളുള്‍പ്പെടെ നാല്‍പ്പതിലധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനെന്ന നിലയില്‍ അംഗീകാരം നേടി. 1990-ല്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ പിറവി (1988) ലോകാര്‍ണോ ചലച്ചിത്ര മേളയിലെ സില്‍വര്‍ ലെപ്പേഡ് പുരസ്‌കാരവും കാന്‍ ചലച്ചിത്രമേളയിലെ പ്രത്യേക പരാമര്‍ശവും ഉള്‍പ്പെടെ 31 അവാര്‍ഡുകള്‍ നേടി. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ചിത്രങ്ങളായ സ്വം (1994), വാനപ്രസ്ഥം (1999), കുട്ടി സ്രാങ്ക് (2010) എന്നിവ കാനില്‍ തിരഞ്ഞെടുക്കപെടുകയും ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓള് (2018) ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രമായിരുന്നു. പത്മശ്രീ പുരസ്‌കാര ജേതാവായ അദ്ദേഹം ഷെവലിയര്‍ ഡെസ് ആര്‍ട്‌സ് എറ്റ് ലെറ്റേഴ്‌സ് (ഫ്രാന്‍സ്, 2000) പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ പിന്തുണയുള്ള OTT പ്ലാറ്റ്‌ഫോം, വിഷ്വല്‍ മീഡിയ എക്‌സലന്‍സ് കേന്ദ്രം തുടങ്ങിയ നൂതനാശയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top