Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ജന്തുജന്യരോഗങ്ങളുടെ വ്യാപനം മനുഷ്യരുടെ കൈയേറ്റം മൂലം ഡോ. എസ്. ഫൈസി

HIGHLIGHTS : Calicut University News; The spread of animal-borne diseases due to human intervention Dr. S. Physi

ജന്തുജന്യരോഗങ്ങളുടെ വ്യാപനം മനുഷ്യരുടെ കൈയേറ്റം മൂലം
ഡോ. എസ്. ഫൈസി

ജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ മനുഷ്യര്‍ കൈയേറുന്നതാണ് ജന്തുജന്യ രോഗങ്ങള്‍ പടരാന്‍ കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും യു.എന്നിന്റെ പരിസ്ഥിതി ചര്‍ച്ചകളില്‍ പങ്കാളിയുമായ ഡോ. എസ്. ഫൈസി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥി പഠനവിഭാഗം ‘ജന്തുജന്യരോഗങ്ങളും പരിസ്ഥിതി നിരീക്ഷണവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ കൈയേറ്റം ജന്തുക്കളില്‍ സമ്മര്‍ദ്ദം കൂട്ടുകയും അതുവഴി വൈറസുകളുടെ സാന്നിധ്യം കൂടുകയും ചെയ്യും. നിപ, എബോള എന്നിവ പോലുള്ള ജന്തുജന്യ രോഗങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. യൂസഫ്, അസി. പ്രൊഫസര്‍ കെ.എം. ഷീജ എന്നിവര്‍ സംസാരിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. വെങ്കിട്ടരാമന്‍ കൃഷ്ണമൂര്‍ത്തി, ശാസ്ത്രജ്ഞനായ ഡോ. കമല കണ്ണന്‍, വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജെസ് വര്‍ഗീസ് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ചൊവ്വാഴ്ചയാണ് സെമിനാര്‍ സമാപനം.

sameeksha-malabarinews

ഇ.എം.എം.ആര്‍.സി ദേശീയ സെമിനാര്‍ 6-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.യും ന്യൂഡല്‍ഹിയിലെ സി.ഇ.സി.യും ചേര്‍ന്ന് വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ 6-ന് തുടങ്ങും. ‘ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാര്‍ സി.ഇ.സി. ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. കാലടി സംസ്‌കൃതസര്‍വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം. ഹമീദ്, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍,  ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇ.എം.എം.ആര്‍.സി. ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ രാജന്‍ തോമസ്, പ്രൊഫ. സി.എം. ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും. സെമിനാര്‍ 8-ന് സമാപിക്കും.

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റ് 6-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന അന്തര്‍കലാലയ അത്‌ലറ്റിക് മീറ്റ് 6,7,8 തീയതികളില്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ 6-ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഔപചാരികമായ ഉദ്ഘടാനം വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം.നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍, മുന്‍കാല കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 8-ന് വൈകീട്ട് 5 മണിക്ക് മീറ്റ് സമാപിക്കും. സമാപനചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കും. 250-ല്‍പരം കോളേജുകളില്‍ നിന്നായി 2000-ത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കും.

അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിലാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും (hindihod@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 11-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 14-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സിലേക്ക് ഒഴിവുള്ള ഹിസ്റ്ററി അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പര്യമുള്ളവര്‍ 8-ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!