പരപ്പനങ്ങാടി :ചെട്ടിപ്പടിയിലെ പരപ്പനങ്ങാടി ഗവ: സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെനിംഗ് സെന്ററിന്റെ അലമാരകള്‍ പൂട്ടി റജിസ്റ്ററുകളും അനുബന്ധ രേഖകളുമായി മുന്‍ താല്‍കാലിക കോര്‍ഡിനേറ്റര്‍ മുങ്ങിയതായി ആക്ഷേപം.
പുതുതായി താല്കാലിക നിയമനം നേടിയ കോര്‍ഡിനേറ്ററടക്കമുള്ള 7 താല്‍കാലിക ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് നല്‍കി സ്ഥാപനത്തിന്റെ ചുമതല നല്‍കാന്‍ തിരൂരങ്ങാടി എ.ഇ.ഒ. പുരുഷോത്തമന്‍ ചെട്ടിപ്പടിയിലുള്ള സെന്ററില്‍ എത്തിയപ്പോഴാണ് മുന്‍ താല്‍കാലിക കോര്‍ഡിനേറ്റര്‍ ഇല്ല എന്ന വിവരമറിയുന്നത്. ഉടന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് 4 മണിക്കുള്ളില്‍ സെന്ററില്‍ എത്തണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ വരാന്‍ തയ്യാറായില്ലെന്ന് പറയുന്നു. തുടര്‍ന്ന് വൈകീട്ട് എ.ഇ.ഒ., മലപ്പുറം ജില്ലാ ഡപ്യൂട്ടി എജ്യുക്കേഷന്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം നടന്ന് 24 മണിക്കുര്‍ കഴിഞ്ഞിട്ടും എ.ഇ.ഒ. നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുക്കാന്‍ തയ്യാറാവാത്തത് വിവാദമായിട്ടുണ്ട്.
ജില്ല വിദ്യാഭ്യാസ ഉപഡയറകടറുടെ ഓഫീസിലെ ഇന്റര്‍വ്യൂ കഴിഞ്ഞ് തെരഞ്ഞെടുത്ത പുതിയ താല്‍കാലിക ജീവനക്കാര്‍ കഴിഞ്ഞ ജൂണ്‍ 1 നാണ് ചുമതലയേറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ നിലവില്‍ കലാവധി കഴിഞ്ഞ താല്‍കാലിക ജീവനക്കാര്‍ ഹൈക്കേടതിയില്‍ കേസ് കൊടുക്കുകയും പുതിയ നിയമനത്തിന് താല്‍കാലിക സ്‌റ്റേ വാങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ അവരുടെ ഹരജി ഹൈക്കോടതി തള്ളുകയും ഡിഡിഇ പുതിയ അപേക്ഷ ക്ഷണിച്ച് നടത്തിയ ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത പുതിയ താല്‍കാലിക ജീവനക്കാരുടെ നിയമനം ശരി വെക്കുകയുമായിരുന്നു.




