സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 12 തിങ്കളാഴ്ച നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍ വൈകട്ട് 6 വരെയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിഴിഞ്ഞം വാര്‍ഡില്‍ ആകെ 10 പോളിങ് സ്റ്റേഷനുകളും, പായിമ്പാടം, ഓണക്കൂര്‍ വാര്‍ഡുകളില്‍ ഒന്നു വീതം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. വിഴിഞ്ഞത്ത് ആകെ 13307 (6577 പുരുഷന്‍മാര്‍, 6729 സ്ത്രീകള്‍, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍) വോട്ടര്‍മാരാണുള്ളത്. പായിമ്പാടം വാര്‍ഡില്‍ 462 പുരുഷന്‍മാരും 488 സ്ത്രീകളും ഉള്‍പ്പെടെ ആകെ 950 വോട്ടര്‍മാരും, ഓണക്കൂര്‍ വാര്‍ഡില്‍ 601 പുരുഷന്‍മാരും 582 സ്ത്രീകളും ഉള്‍പ്പെടെ 1183 വോട്ടര്‍മാരുമാണുള്ളത്. വിഴിഞ്ഞം വാര്‍ഡില്‍ ആകെ 9 ഉം, പായിമ്പാടത്തും ഓണക്കൂറും 4 വീതം സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.
വോട്ടെണ്ണല്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജനുവരി 13 ന് (ചൊവ്വ) രാവിലെ 10 ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് 2026 ഫെബ്രുവരി 12 നകം അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം.
തദ്ദേശപൊതുതിരഞ്ഞെടുപ്പ് : ജനുവരി 12 നകം ചെലവ് കണക്ക് സമര്‍പ്പിക്കാത്തവര്‍ അയോഗ്യരാകും
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ജനുവരി 12 (തിങ്കള്‍) നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക.
https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി വേണം കണക്ക് സമര്‍പ്പിക്കാന്‍. ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം.
2025 ലെ പൊതുതിരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്.



