കായികമേളയുടെ സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടത് : മന്ത്രി പി എ മുഹമ്മദ് റിയാസ്, കായിക മേള സംഘാടക സമിതി ഓഫീസ് തുറന്നു

സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ നിര്‍വേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ ഏറ്റവുമധികം കുട്ടികള്‍ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തില്‍ നടക്കുന്ന സ്‌കൂള്‍ കായികമേള. സമൂഹത്തില്‍ പടരുന്ന ലഹരി വിപത്തും, ഡിജിറ്റല്‍ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാന്‍ ഇത്തരം കായികമേളയിലൂടെ കായികപരമായ താല്‍പര്യം വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തോല്‍ക്കാന്‍ കൂടി പഠിക്കുകയാണ്. തോല്‍വിയില്‍ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരള സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതല്‍ മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുവാനും കൂടുതല്‍ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും സഹായിക്കും. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തുല്യത ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വികസനത്തിന് കായികമത്സരങ്ങളും കലയും അവരുടെ ജീവിതത്തിന്റെ ഭാഗമാകണം. കായികക്ഷമതയും മാനസികാരോഗ്യവുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അതിലേക്കുള്ള ശരിയായ ചുവടുവയ്പ്പാണ് കേരള സ്‌കൂള്‍ കായികമേളയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുത്തത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് നമ്മുടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങളുമായി മത്സരിക്കുവാന്‍ അവസരമൊരുക്കി. കഴിഞ്ഞ തവണ ആണ്‍കുട്ടികളാണ് പങ്കെടുത്തത്. ഇത്തവണ യു.എ.ഇയില്‍ നിന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ കായികമേളയ്ക്ക് പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

എം എല്‍ എ മാരായ ആന്റണി രാജു, ഐ ബി സതീഷ്, വി കെ പ്രശാന്ത്, എം വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് എന്‍ എസ് കെ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാന സ്‌കൂള്‍ കായിക മേള സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള നടത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top