ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75  ശരീര ഭാഗങ്ങളും

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുക്കല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്നലെ (ചൊവ്വ) 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കും.

തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്.

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടന്‍ വയനാട്ടിലെത്തിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറില്‍ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലന്‍സുകള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. 30 അംബുലന്‍സുകളാണ് ഇതുവരെ വയനാട്ടിലേക്ക് തിരിച്ചത്. ഓരോ അംബുലന്‍സിലും രണ്ടില്‍ കുറയാത്ത സന്നദ്ധ വളണ്ടിയര്‍മാരുമുണ്ട്. പോലീസ് എസ്‌കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടന്‍ കൊണ്ടു പോകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top