Section

malabari-logo-mobile

സിക്ക,ഡെങ്കിപ്പനി പ്രതിരോധം:എല്ലാ ജില്ലകളും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം

HIGHLIGHTS : Zika and Dengue Prevention: All districts should prepare an action plan

മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മൈക്രോ കണ്ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം

sameeksha-malabarinews

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. മൂന്ന് വകുപ്പുകളുടേയും ഏകോപനത്തിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനാകും. വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ ഒരു സ്ഥലത്ത് മാത്രമേ സിക്ക വൈറസ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുള്ളൂവെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആകെ 138 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതില്‍ നിലവില്‍ 8 പേര്‍ മാത്രമാണ് രോഗികളായുള്ളത്. ബാക്കിയെല്ലാവരും നെഗറ്റീവായിട്ടുണ്ട്. സിക്കയോടൊപ്പം ഡെങ്കിപ്പനിയേയും നേരിടേണ്ടതുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കണം. ഇതിനായി എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കണം. ജില്ലകളില്‍ കളക്ടര്‍മാരുടെ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളും മുന്നറിയിപ്പ് ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണം. സന്നദ്ധപ്രവര്‍ത്തകര്‍ യുവജന സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്‍കണം. തോട്ടങ്ങളില്‍ ചിരട്ടകള്‍, പ്ലാസ്റ്റിക് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. വീടിനകത്തും പുറത്തും കൊതുക് നിര്‍മാജനം വളരെ പ്രധാനമാണ്. സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ എന്നിവ വഴി ബോധവത്ക്കരണം ശക്തമാക്കണം.

കോവിഡ് സാഹചര്യത്തില്‍ മൈക്രോ കണ്ടൈന്‍മെന്റ് വാര്‍ഡടിസ്ഥാനത്തില്‍ ഫലപ്രദമായി നടത്തണം. കോവിഡ് പരിശോധനകള്‍ ജില്ലകള്‍ ശക്തമാക്കേണ്ടതാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ ജില്ലകള്‍ക്കും എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

വലിയ അതിജീവന പ്രവര്‍ത്തനത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോവിഡിന്റെ ഭീകരാവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് ചിലയിടങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടായത്. ഇതിനിടയിലാണ് സിക്കയും ഡെങ്കിപ്പനിയും വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരും ഡി.എം.ഒ.മാരും കൂടിയാലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന ഡേറ്റയനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!