സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി; യുപി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

 ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. സെപ്റ്റംബര്‍ 9 ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. തനിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്‌ഐ പണം നല്‍കിയെന്നത് ആരോപണം മാത്രമാണെന്നും കാപ്പന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. പിഎഫ്‌ഐ നിരോധിതസംഘടനയല്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കാപ്പനൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പേര്‍ കലാപക്കേസുകളില്‍ പ്രതികളാണെന്ന് യുപി സര്‍ക്കാര്‍ വാദിച്ചു. ഒരാള്‍ ദില്ലി കലാപക്കേസിലും മറ്റൊരാള്‍ ബുലന്ദ് ഷെര്‍കേസിലും പ്രതിയാണെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെയാണ് കേസില്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. യുപി സര്‍ക്കാരിനോട് രേഖാമൂലം സെപ്തംബര്‍ അഞ്ചിനകം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിയിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. പത്രപ്രവര്‍ത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹര്‍ജിയില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. 2020 ഒക്ടോബര്‍ 5 നാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമായി ജയിലില്‍ തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top