ശബരിമല കാനനപാത; ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ശബരിമലയിലെ പരമ്പരാഗത പാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം. ഹര്‍ജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തില്‍ യാത്ര നടത്താന്‍ അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങള്‍ നടപ്പാക്കിയതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനാല്‍ ഈക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതിക്ക് ആകുമെന്നും അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

Share news
error: Content is protected !!
Scroll to Top