ഘടികാരങ്ങള്‍ നിലയ്ക്കാത്ത വീടൊരുക്കി ശിവദാസന്‍

ഫര്‍സീന. കെ. എം
കോഴിക്കോട് : കോഴിക്കോട്ടുകാരന്‍ ശിവദാസന്റെ വീട്ടില്‍ സമയം നിലക്കുന്നേയില്ല. ക്ലോക്കിലെ ഓരോ മിടിപ്പിനുമിടയിലുമുള്ള നിശ്ചലതയെ മറികടന്നു കൊണ്ട് അനവധി ടിക് ടിക്കുകളാണ് ഒരേ സമയം മുഴങ്ങിക്കൊണ്ടിരിക്കുന്നത്. പഴയ കാലം തൊട്ടുള്ള പലവിധത്തിലുള്ള ക്ലോക്കുകളുടെ അപൂര്‍വ ശേഖരമാണ് ഈ 74 കാരന്റെ പക്കലുള്ളത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ചേവരംമ്പലത്ത് ക്ലോക്ക് റിപ്പയറായി ജോലി തുടങ്ങിയ കാലം തൊട്ടുള്ള കമ്പമാണ് ശിവാദസന് ഘടികാരങ്ങളോട്. 50 വര്‍ഷത്തോളമായിട്ടുള്ള ശേഖരണത്തില്‍ 90 വര്‍ഷം വരെ പഴക്കമുള്ള ക്ലോക്കുകളുണ്ട്. പഴയ ക്ലോക്കുകള്‍ എവിടെയെങ്കിലും ഉണ്ടെന്ന് കേട്ടാല്‍ കാശ് കൊടുത്താണെങ്കിലും അവ വാങ്ങിച്ച് കേടുപാടുകള്‍ തീര്‍ത്ത് വീട്ടില്‍ സൂക്ഷിക്കും. ജോലിയും ഹോബിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.

മലയാളം അക്കങ്ങളുള്ള ക്ലോക്കുകള്‍, ആന്റി ക്ലോക്ക് വൈസ് ദിശയില്‍ പ്രവൃത്തിക്കുന്ന ക്ലോക്കുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ 70 ലധികം ക്ലോക്കുകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞ് ക്ലോക്കുകളുടെ ശേഖരം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്.വലിയ തുക പറഞ്ഞാലും ശിവദാസന്‍ ഇവയൊന്നും വില്‍ക്കാറില്ല.കാശ് കൊടുത്ത് വാങ്ങിയവയാണ് ഭൂരിഭാഗവും.

ആറടി പൊക്കത്തില്‍ ശിവദാസന്‍ തന്നെ നിര്‍മിച്ച ഗ്രാന്‍ഡ് ഫാദര്‍ ക്ലോക്കാണ് കൂട്ടത്തില്‍ ഏറെ കൗതുകമുള്ളത് . ക്ലോക്കുകള്‍ കൂടാതെ 8 തരം ഗ്രാമഫോണുകള്‍ , കാലങ്ങള്‍ പഴക്കമുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍, ക്യാമറ,റേഡിയോ, റിക്കാര്‍ഡ് ചെയ്ഞ്ചര്‍ വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, നാണയങ്ങള്‍, തുടങ്ങിയവയെല്ലാം ഇതുപോലെ സൂക്ഷിച്ചിരിക്കുകയാണ് ചേവരമ്പലത്തെ കൈകൊട്ടയില്‍ വീട്ടില്‍. സമയത്തിന്റെ ജീവനാഡികള്‍ അഴിച്ചെടുത്തു പണിയുന്ന ശിവദാസന് തന്റെ വീട്ടില്‍ സമയം അനന്തമാണ്. കഴിഞ്ഞുപോയ കാലത്തെ ഓര്‍മകളുണര്‍ത്തുന്ന ഇവയെല്ലാം വരും തലമുറക്ക് കാണാനായി എന്നും ഇവിടെയുണ്ടാകും.

 

 

 

 

 

 

 

 

 

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •