
ബംഗളൂരു: കര്‍ണാടക ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കാര്‍വാര്‍ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷിരൂരില്‍ സാങ്കേതിക-ശാസ്ത്രീയ പ്രതിസന്ധികള്‍ നീക്കി തെരച്ചില്‍ വേഗത്തില്‍ പുനരാരംഭിക്കണമെന്നും ജില്ലാ നേതൃത്വം മുന്‍കയ്യെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ബന്ധു ജിതിന്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറു മണിക്കാണ് കൂടിക്കാഴ്ച. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ജനപ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും സംഘം ചര്‍ച്ച നടത്തും. അന്വേഷണത്തില്‍ നില്‍ക്കുന്ന അനിശ്ചിതാവസ്ഥ നീക്കണമെന്ന ആവശ്യം ജിതിന്‍ ഉന്നയിക്കും.
ഓഗസ്റ്റ് 16നായിരുന്നു പ്രതികൂല കാലാസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്. തെരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചയുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



