എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈനിയുടെ കുടുംബത്തിന് നീതി…

പരപ്പനങ്ങാടിക്കാര്‍ മറക്കില്ല എട്ടുവര്‍ഷം മുമ്പുള്ള ആ പുലര്‍ച്ച. മദ്യത്തിനും ആണ്‍കോയ്മക്കും ഇരയായി അതിക്രൂരമായി കൊല്ലപ്പെട്ട ഷൈനി എന്ന ഒരു അമ്മയെ….ഒരു മകളെ…..

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ചേരി ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ഷൈനി വധക്കേസില്‍ വിധി പ്രഖ്യാപിച്ചപ്പോളും ആ പുലര്‍ച്ച നടന്ന അരുംകൊലയുടെ പേടിപ്പിക്കുന്ന ഓര്‍മ്മകള്‍ നിന്നും മുക്തരല്ല അമ്മ കമലവും, മകള്‍ ഇപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന ദിയയും. അയല്‍വാസികള്‍ക്കിടയിലും ദിയ പഠിച്ച സ്‌കൂളിലും ഏറെ പ്രിയങ്കരിയായിരുന്നു സൗമ്യശീലയായ ഷൈനി.

പരപ്പനങ്ങാടി പ്രയാഗ് തിയ്യേറ്ററിന് സമീപത്ത് താമസിക്കുന്ന കേടക്കളത്തില്‍ ഷൈനി(36)യെ 2013 ഫെബ്രുവരി 19ന് വീട്ടില്‍ വെച്ച് ഭര്‍ത്താവ് ഷാജി വെട്ടുകത്തികൊണ്ട് തലക്ക് വെട്ടിയും, മേശക്കാല്‍ ഉപയോഗിച്ച് അടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. 55 മുറിവുകളാണ് ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മ കമല(72), മാതൃ സഹോദരങ്ങളായ വിമല, തങ്കമണി എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാംക്ലാസില്‍ പഠിക്കുന്ന മകളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ കമലയും മറ്റുള്ളവരും തൊട്ടടുത്ത വീടുകളിലുള്ളവരെ വിളിച്ചുണര്‍ത്തി വിവരമറിയുക്കുമ്പോളാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

നിരന്തരമായി ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ഷൈനി ഫറോക്കിലെ പെരുമുഖത്തുള്ള ഷാജിയുടെ വീട്ടില്‍ നിന്നും മാറി പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഇടക്കിടെ ഈ വീട്ടിലെത്തി ഭര്‍ത്താവായിരുന്ന ഷാജി ഉപദ്രവം തുടര്‍ന്നു. ബിരുദധാരിയും കോ ഓറേറ്റീവ് ട്രെയിനിങ്ങും കഴിഞ്ഞ ഷൈനി ജോലിക്ക് പോകുന്നത് ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഷൈനിയുടെ പഠനസര്‍ട്ടിഫിക്കേറ്റുകള്‍ കത്തിച്ച സംഭവം വരെയുണ്ടായി. ഇതേ തുടര്‍ന്ന ബന്ധം വേര്‍പ്പെടുത്തുന്നതിനായി ഷൈനി അഭിഭാഷകനെ സമീപിച്ചിരുന്നു. ഈ വിവരമറിഞ്ഞ് എത്തിയ ഷാജി കൊല നടത്തുകയായിരുന്നു.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ സി. വാസു പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വളരെ ഗുരുതരമായ ശിഷ ലഭിക്കുമെന്ന സന്ദേശമാണ് വിധിയിലൂടെ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അയല്‍വാസികളടക്കം 24 സാക്ഷികെയാണ് കേസില്‍ വിസ്തരിച്ചത്.

ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയുമാണ് ഷാജിക്ക് വിധിച്ചത്. അമ്മ കമലയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കുറ്റത്തിന് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്ങില്‍ ഒരുവര്‍ഷം തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിയുടെ വിദ്യഭ്യാസ ചെലവിനായി നല്‍കണം.

വിചാരണക്ക് ശേഷം കുട്ടിയെ കാണണമെന്ന് ഷാജി കോടതിയെ അറിയിച്ചെങ്ങിലും അച്ഛനെ കാണാന്‍ താല്‍പര്യമില്ലെന്ന് മകള്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •