Section

malabari-logo-mobile

പ്രിയ നാദതാരകമേ.. വിട …

HIGHLIGHTS : എഴുത്ത്; ഷിജു.ആർ “പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ അങ്ങകലെ നിന്നു...

എഴുത്ത്; ഷിജു.ആർ

“പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം.

മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ.. ”

ഇരുൾ വീണ വഴികളിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന വിദൂര താരകങ്ങളാണ് ഓരോ സ്നേഹങ്ങളും. തളർച്ചകളിൽ താങ്ങുന്ന വാക്കുകളുടെ, കിനാവുകളുടെ മടിത്തട്ടുകൾ. അത് അടയാളപ്പെടുത്തുന്നതിനാലാണ് ഈ പാട്ട് എന്റെ ആത്മഗാനമാവുന്നത്. വാണി ജയറാം എന്റെ ആത്മാവിന്റെ ഗായികയും.

മാതൃഭാവത്തിനും പ്രണയത്തിനുമിടയിലെ (ശൈശവ ഭാവനകളിൽ നിന്നും മുതിർന്നു പോവുന്നതിന്റെ )സംക്രമ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നതാണ് അതിന്റെ സിനിമാ സന്ദർഭം. തളർന്നു പോകുന്ന സന്ദർഭങ്ങളിൽ ചേർത്തു പിടിച്ച ഉളളം കൈകളുടെ ചൂട് മുഴുവൻ പകർന്നു വച്ചാണ് ഈ പാട്ട് കേൾക്കാറ്.

” ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്‌ ..
എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു. ”

ജന്മാന്തരങ്ങളിലേക്ക് നീളുന്നതായി നാമറിയുന്ന ചില പ്രണയങ്ങൾ ഓർമ്മിപ്പിക്കുന്ന പാട്ടായാണ് നാം കേട്ടു പോരുന്നത്. സിനിമാ സന്ദർഭത്തിൽ അത് പ്രതീക്ഷകളുടെ ഗാനാവിഷ്കാരമാണെങ്കിൽ നിരവധി മനുഷ്യർക്കത് വിരഹവേദന ചാലിച്ച ഓർമ്മകളുടെ പാട്ടു കൂടിയാണ്.

ആലാപനത്തിന്റെ ഏതെല്ലാം വൈവിദ്ധ്യങ്ങൾ കൊണ്ടാണ് ആ ഹൃദ്യവാണി മലയാളത്തിന്റെ മനസ്സു കീഴടക്കിയത്. ” നാദാപുരം പള്ളിയിലെ ” ” നാടൻ പാട്ടിലെ മൈന ” തുടങ്ങിയ പാട്ടുകളുടെ ഫോക്ക് ടച്ചും പ്രസാദാത്മകമായ ഊർജ്ജവും.
മേല്പറഞ്ഞ പാട്ടുകളിലെ വിഷാദച്ഛവിയുള്ള വൈകാരിക തലം. ശാസ്ത്രീയ ആലാപനത്തിന്റെ സങ്കീർണ്ണതയും ലളിത സംഗീതത്തിന്റെ അനായാസതയും സന്ദർഭത്തിനനുസരിച്ച് ഒരേ പോലെ പകരാൻ കഴിയുന്ന ആലാപന ശൈലിയാണത്.

എൺപതുകളിൽ പിറന്ന ഞങ്ങളുടെ ഹൈസ്കൂൾ കാലമാവിഷ്കരിച്ച

“നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി..
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ. ”

എന്ന 1983 ലെ ഈ പാട്ടിനും നാദം നൽകിയത് വാണിജയറാമായിരുന്നല്ലോ.

“ഈ.. വഴിയെ വരും നറുമഴയും ഇളവെയിലും..
ഈ.. വനിമുഴുവൻ ഹിമമണിയും.. ഇലപൊഴിയും
ഇതുവഴി പോയീടും.. ഋതുപലതെന്നാലും

മാനസമാകെ നമ്മൾ നെയ്യും വസന്തം..

മായരുതെങ്ങും..
പൂക്കൾ പനിനീർ.. പൂക്കൾ നീയും കാണുന്നുണ്ടോ..” എന്ന പാട്ടും ഏറെ പ്രിയതരമാണ്. ഏതു ഋതുവിലും നാം വിരിയിക്കുന്ന പൂക്കൾ ബാക്കിയാവുമെന്ന ആ ശുഭാപ്തിവിശ്വാസവും പാടിത്തന്നത് വാണിയാണ്.

വിങ്ങുന്ന രാത്രികളുടെ നൊമ്പരത്തിലേക്ക് പെയ്തിറങ്ങുന്ന വെളിച്ചമായ്
അങ്ങകലെ നിന്നും ഇനിയും നീ മിന്നുക പ്രിയ നാദതാരകമേ..
വിട …

ഷിജു ആർ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!