Section

malabari-logo-mobile

‘India & Indians had a special place for you’ ഷെയ്ൻ വോണിന് സ്മരണാഞ്ജലി : എഴുത്ത് ഷിജു ആർ

HIGHLIGHTS : shane warne Commemoration: Written by Shiju R.

ഷിജു ആര്‍
ഷിജു ആര്‍

ഞങ്ങൾ എൺപതിൽ പിറന്ന് തൊണ്ണൂറുകളിലേക്ക് വളർന്ന കുഞ്ഞുങ്ങൾ. വെറുതെ നിൽക്കുമ്പോൾ പോലും ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്യുന്ന പോലെ കൈകളും ഉടലും ചലിപ്പിച്ചു കൊണ്ടേയിരുന്നവർ. നിങ്ങളീ ചിത്രത്തിൽ ഒരു വയലും ചുറ്റും നിൽക്കുന്ന കവുങ്ങും തെങ്ങുമേ കാണുന്നുള്ളൂ അല്ലേ ?

ഞങ്ങൾക്കിത് ഞങ്ങളുടെ സ്റ്റേഡിയമാണ്. ചുറ്റും നിൽക്കുന്നത് ഞങ്ങളുടെ ആരാധാകരായ കാണികളാണ്. ഓരോ വിക്കറ്റു വീഴുമ്പോഴും ഒരു ഫോറോ സിക്സോ അടിക്കുമ്പോഴുമുള്ള ആരവമാണ് നിങ്ങൾക്ക് കാറ്റിന്റെ ചൂളം വിളി പോലെ തോന്നുന്നത്. അവരുടെ ആഹ്ലാദ നൃത്തമാണ് കാറ്റിലെ കവുങ്ങിൻ തലപ്പിന്റെ തലയാട്ടലായി നിങ്ങൾക്ക് തോന്നുന്നത്.
പാടുന്നവരിലെല്ലാം എത്ര ശതമാനം യേശുദാസുണ്ടെന്ന് ചോദിക്കും പോലെ ബാറ്റ് ചെയ്യുന്ന ഓരോരുത്തരിലും എത്ര ശതമാനം സച്ചിനുണ്ട് എന്ന് ഞങ്ങൾ തിരഞ്ഞു. അത്യാവശ്യം വീടുകളിൽ മാത്രം ടി.വി.യുണ്ടായിരുന്ന കാലത്ത് ഓരോ രാജ്യാന്തര കളികൾക്കും ആ വീട്ടു കോലായകൾ ഗ്യാലറികളാക്കി. സ്കൂളിലും കോളജു ഗ്രൗണ്ടിലും ഞങ്ങൾ ക്ലാസുകളുടെ ഇടവേളകളിൽ ക്രിക്കറ്റ്കളിച്ചതേയില്ല. ക്രിക്കറ്റിന്റെ ഇടവേളകളിൽ ക്ലാസിൽ പോയി. പെൺകുട്ടികളുടെ ചോറ്റു പാത്രത്തിന്റെ അടപ്പുകളിൽ ചോറു വാങ്ങിത്തിന്ന് വീണ്ടും ഗ്രൗണ്ടുകളിൽ പാർത്തു. പഴയ മാസിക വിൽക്കുന്ന കടകളിൽ പോയി സ്പോർട്സ് സ്റ്റാർ വാങ്ങിക്കൊണ്ടു വന്ന് സെന്റർ സ്പ്രെഡിലെ കളിക്കാരുടെ ചിത്രങ്ങൾ ചുവരിലൊട്ടിച്ചു. ടി.വി.യിലെ കളിക്കാരുടെ നില്പും നടപ്പും നോട്ടവും ചിരിയും നിരാശയുമടക്കം പഠിച്ചനുകരിച്ചു.
അക്കാലത്തിന്റെ ശത്രുക്കളിൽ ഏറ്റവും ഭയമുള്ള ശത്രുവായിരുന്നു ഷെയിൻവോൺ , താങ്കൾ.
50 വയസ്സുകളുടെ യൗവ്വനത്തിൽ താങ്കളെറിഞ്ഞ പന്തുകൾ പോലെ ജീവിതം പെട്ടന്ന് മരണത്തിലേക്ക് സ്പിൻ ചെയ്യുമ്പോൾ ഞങ്ങളറിയുന്നുണ്ട് ആ ഭയത്തിലും ശത്രുതയിലും നിറച്ചു വച്ചിരുന്നത് ആരാധന മാത്രമായിരുന്നു.
ചരിത്ര ക്ലാസുകളിൽ തെറ്റിപ്പോയ കൊല്ലങ്ങൾക്കും തീയതികൾക്കും കണക്കു ക്ലാസിൽ തെറ്റിപ്പോയ കണക്കുകൂട്ടലുകൾക്കും പുറത്ത് നിന്ന ഞങ്ങൾ ഒരു കാൽക്കുലേറ്ററിന്റെയും സഹായമില്ലാതെ റണ്ണുകളും വിക്കറ്റുകളും കണക്കുകൂട്ടി. നൂറ്റാണ്ടിന്റെ ബോൾ എന്ന് ലോകം വിളിച്ചതടക്കമുള്ള റെക്കോർഡുകൾ അതിന്റെ നാൾവഴികൾ എന്നിവ ഒരു പുസ്തകത്തിലും രേഖപ്പെടുത്താതെ തർക്കിച്ചു.

sameeksha-malabarinews


പരസ്പരം നിറമേറ്റിയ യുദ്ധങ്ങളായിരുന്നു കളിക്കളങ്ങളിൽ നിങ്ങൾ നിറഞ്ഞാടിയത്. സച്ചിൻ ട്വീറ്റ് ചെയ്ത പോലെ
“Will miss you Warnie. There was never a dull moment with you around, on or off the field. Will always treasure our on field duels & off field banter. You always had a special place for India & Indians had a special place for you. ”
എഴുതേണ്ടത് നിങ്ങളെക്കുറിച്ചാണ് . എഴുതിയതത്രയും ഞങ്ങളെക്കുറിച്ചാണ്. ഏതു വേനലിലും നനവു മാറാത്ത വയൽ മണ്ണിൽ സ്റ്റമ്പു താഴ്ത്തിക്കളിച്ച കാലത്തെ ആ മണ്ണിലെ പുല്ലിൻ പച്ചയുടെ മണം കൂടിയായാണ് ഷെയ്ൻ വോൺ നിങ്ങളുടെ മരണം ഞാൻ അറിയുന്നത്.

ഒരു കളി പോലും കളിച്ചിട്ടില്ലാത്ത, സമപ്രായക്കാരുടെ കളികൾക്ക് കൂട്ടു പോയ ഒരുത്തന്റെ
വിട.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!