പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ ചെയര്‍മാനായി ഷാഹുല്‍ ഹമീദിനെ തിരഞ്ഞെടുത്തു.നിലവിലെ ചെയര്‍മാന്‍ എ.ഉസ്മാന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11 മണിയോടെയാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. വരാണാധികാരി ആര്‍ പ്രദീപ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ടി ആര്‍ റസാഖ് ആണ് ഷാഹുല്‍ ഹമീദിനെ നിര്‍ദേശിച്ചത്. പി വി മുസ്തഫയാണ് പിന്‍താങ്ങിയത്.
29 വോട്ടുകളാണ് ഷാഹുല്‍ ഹമീദിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാര്‍ത്തികേയന് 13വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. ബി ജെപി കൗണ്‍സിലര്‍മാരുടെ വോട്ടാണ് അസാധുവായത്. 16 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഹുല്‍ഹമീദിനെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചു.തുടര്‍ന്ന് ഷാഹുല്‍ ഹമീദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ചെയര്‍മാന്‍ ആരാകുമെന്നത് സംബന്ധ്ച്ച കിഴക്കന്‍ മേഖലയിലുള്ളവരും തീരദേശത്തുള്ളവരും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഉസ്മാനും ഷാഹുല്‍ ഹമീദും ചെയര്‍മാന്‍ പദവി പങ്കിട്ടെടുക്കാമെന്ന ധാരണയില്‍ എത്തിയത്. ആദ്യ മൂന്ന് വര്‍ഷം ഉസ്മാനും ശേഷം രണ്ട് വര്‍ഷം ഷാഹുല്‍ഹമീദിനും ചെയര്‍മാന്‍ പദവി വിട്ടു നല്‍കാം എന്നായിരുന്നു മുസ്ലിംലീഗ് തീരുമാനം. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പദവി മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് മുസ്ലിംലീഗിനുള്ളില്‍ ശകതമായ അസ്വാരസ്യം ഉടലെടുത്തിരുന്നു. ഉസ്മാന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരട്ടെ എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ മറുവിഭാഗം നേരത്തെ തീരുമാനിച്ച സ്ഥാനകൈമാറ്റം നടത്തണം എന്ന കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ രാജിവെക്കുകയായിരുന്നു. എന്നിട്ടും ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഷാഹുല്‍ഹമീദിന് വോട്ട് ചെയ്യില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വിഭാഗം വോട്ട് അസാധുവാക്കിയേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം അടക്കം ഇടപെട്ടാണ് കാര്യങ്ങള്‍ രമ്യതയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




