കുവൈത്തില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 40ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മംഗെഫ് ഫ്‌ലാറ്റിലെ ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്‍ബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്.




