Section

malabari-logo-mobile

സേതുമാധവനും കാര്‍ത്ത്യായനിയും തീര്‍ക്കുന്നു, ചിരട്ടയില്‍ വിസ്മയങ്ങള്‍

HIGHLIGHTS : Sethumadhavan and Karthiyani settle, surprises in Chiratta

ആര്‍ക്കും വേണ്ടാത്തത് ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടതാക്കുകയാണ് സാറേ… നല്ലതു ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. സര്‍ക്കാര്‍ മേളയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലും പോയി, ഒട്ടേറെയാളുകളെ കണ്ടു. സര്‍ക്കാര്‍ വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് തരുന്നത്…. സേതുമാധവനും കാര്‍ത്ത്യായനിയും നിറചിരിയോടെ ഇതുപറയുമ്പോള്‍ ചിരട്ടയിലുണ്ടാക്കിെൈയ കച്ചെണ്ടയുടെ മേളമായിരുന്നു ചുറ്റിലും. മഞ്ചേരി ആനക്കയം സ്വദേശികളായ സേതുമാധവന് 72 വയസുണ്ട്. ഭാര്യ കാര്‍ത്ത്യായനിയ്ക്ക് അറുപത്തിയഞ്ചും. സ്വന്തമായി ഉണ്ടാക്കിയെടുത്ത ചിരട്ട ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഒരുമിച്ച് വില്‍ക്കുന്ന ഇരുവര്‍ക്ക് ചെറുപ്പത്തിന്റെ ചുറുചുറുക്ക്.

ചിരട്ട മോതിരം മുതല്‍ ചിരട്ടയില്‍ തീര്‍ത്ത നിലവിളക്കും പൂക്കളും ഒക്കെയായി വൈവിധ്യമാര്‍ന്ന 35 ഇനം കരകൗശല വസ്തുക്കളാണ് സേതുമാധവനും കാര്‍ത്ത്യായനിയും ചേര്‍ന്നുണ്ടാക്കി വില്‍ക്കുന്നത്. നിലവിളക്ക്, വിവിധയിനം പൂക്കള്‍, തൂക്കുവിളക്ക്, കൈച്ചെണ്ട, പാത്രങ്ങള്‍, വളകള്‍, മോതിരങ്ങള്‍, മുടിക്കുത്തി, ഭസ്മക്കൊട്ട, പറ, തവി, കിണ്ടി, കൂജ, കുടമണി, മെഴുകുതിരി, ചന്ദനത്തിരി സ്റ്റാന്‍ഡ്, കളിപ്പാട്ടങ്ങള്‍, മയില്‍, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളുടെ മാതൃകകള്‍ ഇവയെല്ലാം ചിരട്ട കൊണ്ടുണ്ടാക്കി ജീവിതോപാധി കണ്ടെത്തുന്ന സേതുമാധവനും കാര്‍ത്ത്യായനിയും തിരൂരിലെ പ്രദര്‍ശന-വിപണന മെഗാമേളയിലെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പവലിയനില്‍ സജീവമാണ്.

sameeksha-malabarinews

30 രൂപ മുതല്‍ 750 രൂപ വരെ വിലയിലുള്ള ചിരട്ട ഉല്‍പ്പന്നങ്ങള്‍ ഇവരുടെ ശേഖരത്തിലുണ്ട്. കണ്ണൂരിലെ ഗദ്ദികയില്‍ പങ്കെടുത്താണ് തിരൂരിലേക്കുള്ള ഇവരുടെ വരവ്. സര്‍ക്കാര്‍ പ്രദര്‍ശന മേളയില്‍ 21-ാം തവണയാണ് പങ്കെടുക്കുന്നതെന്നും തിരൂരില്‍ ഇതിന് ധാരാളം ആവശ്യക്കാരുണ്ടെന്നും സേതുമാധവന്‍ പറഞ്ഞു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി ഏഴ് തവണ ഗദ്ദികയുടെ ഭാഗമായിട്ടുണ്ട് ഇരുവരും. 15-ാം വയസ് മുതല്‍ കരകൗശല വസ്തു നിര്‍മാണം തുടങ്ങിയ സേതുമാധവനോടൊപ്പം പിന്നീട് ഭാര്യ കാര്‍ത്ത്യായനിയും കൂടുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ സേതുമാധവന്‍ മുളകൊണ്ട് കൊട്ടയും മുറവും ഉണ്ടാക്കി വില്‍ക്കാറുമുണ്ട്. നാട്ടിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ചിരട്ടകള്‍ ഉപയോഗിച്ചാണ് കരകൗശല വസ്തുനിര്‍മാണം. നാല് മക്കള്‍ ഉണ്ടെങ്കിലും ഒന്നിച്ച് അധ്വാനിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ് സേതുമാധവനും കാര്‍ത്ത്യായനിയും. ഇരുവര്‍ക്കും വാര്‍ധക്യകാല പെന്‍ഷനും ലഭിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!