സെക്രട്ടേറിയറ്റില്‍ തീപിടിത്തം; ഭീതിയകറ്റി ദുരന്ത നിവാരണ സേന

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിനു തെക്കുവശത്ത് ഒന്നാം നിലയില്‍ അസാധാരണമാം വിധം പുക ഉയരുന്നതുകണ്ട്  ജീവനക്കാരും സെക്രട്ടേറിയറ്റിലെത്തിയ സന്ദര്‍ശകരും പരിഭ്രാന്തരായി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ യഥാസമയം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കും അഗ്നിശമന സേനയ്ക്കും പൊലീസിനും വിവരം നല്‍കിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകരെത്തി അപകടാവസ്ഥ പരിഹരിച്ചു.

രാവിലെ പതിനൊന്നുമണിയോടെയാണ് സെക്രട്ടേറിയറ്റില്‍ അഗ്നിബാധ കണ്ടെത്തിയത്. നാലു മിനിറ്റിനുള്ളില്‍ ചെങ്കല്‍ചൂള, ചാക്ക ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നും അഗനിശമനസേനാ പ്രവര്‍ത്തകരെത്തി. നെയ്യാറ്റിന്‍കര ഫയര്‍‌സ്റ്റേഷനില്‍നിന്നും ഒരു സ്‌പെഷ്യല്‍ ടീമിനെയും നിയോഗിച്ചു. മൂന്ന് ആംബുലന്‍സുകളും പാഞ്ഞെത്തി.
അഗ്നിബാധ കണ്ടെത്തിയ സ്ഥലത്തേക്ക് ഫയര്‍ എഞ്ചിനുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് തീകെടുത്താനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു.

അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ ഒന്നാം നിലയിലേക്ക് ഏണി വച്ചുകയറി ജീവനക്കാരെ രക്ഷപെടുത്തി താഴെ എത്തിക്കുകയും പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ മറ്റു ബില്‍ഡിങ്ുകളിലെവിടെയെങ്കിലും അപകടാവസ്ഥയുണ്ടോ എന്ന് പരിശോധിച്ച് അപകടാവസ്ഥയില്ലെന്നുറപ്പാക്കിയ ശേഷം അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ നടന്ന ഫയര്‍ മോക്ഡ്രില്ലാണ് രാവിലെ പതിനൊന്നു മുതല്‍ പതിനഞ്ചു മിനിറ്റോളം സെക്രട്ടേറിയറ്റ് ജീവനക്കാരെയും സന്ദര്‍ശകരെയും ഭീതിയിലാക്കിയത്. സെക്രട്ടേറിയറ്റില്‍ ഒരപകടമുണ്ടായാല്‍ ജീവനക്കാര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കാനാവശ്യമായ അലാമിംഗ് സിസ്റ്റം നിലവിലില്ലെന്ന കാര്യം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ അറിയിച്ചു. ഇതു പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അപകടമുണ്ടായാല്‍ ഫയര്‍ എഞ്ചിനുകള്‍ക്കും ആംബുലന്‍സുകള്‍ക്കും തടസമില്ലാതെ പാഞ്ഞെത്താന്‍ വണ്‍വേ സിസ്റ്റം വളരെ സഹായകമാണെന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ലാ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് കെ. പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റി മെമ്പെര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ്, സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി.ആര്‍. ശ്രീകുമാര്‍, പൊതു ഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി പി. ഹണി തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി

Related Articles