നാളെ മുതല്‍ ബസുകളിലും ലോറികളിലും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം; എ.ഐ കാമറയുടെ പിടിവീഴും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു. എന്നാല്‍ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഹെവി വാഹനങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിച്ചാല്‍ നാളെമുതല്‍ എ.ഐ കാമറയുടെ പിടിവീഴും.

ഹെവി വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും സീറ്റ്‌ബെല്‍റ്റ് വേണമെന്ന നിര്‍ദ്ദേശത്തിന് നേരെ കടുത്ത പ്രതിഷേധം പലകോണുകളിലും ഉയര്‍ന്നിരുന്നു. നാളെ മുതല്‍ ഹെവി വാഹനങ്ങളില്‍ ഫിറ്റ്നസ് ലഭിക്കാന്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിലാകണം ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒഴികെ എല്ലാത്തിലും സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കണം. നിലവില്‍ മിക്ക ഹെവി വാഹനങ്ങളും പുറത്തിറങ്ങുമ്പോള്‍ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ഉണ്ടെങ്കിലും ഇവ ഡ്രൈവര്‍മാര്‍ ധരിക്കാതിരിക്കുകയോ ഇവ നാളുകള്‍ക്കകം നീക്കം ചെയ്യുകയോ ആണ് പതിവ്.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം പൂര്‍ത്തീകരിച്ചെങ്കിലും കാമറ ഘടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല. അതേസമയം സ്വകാര്യ ബസുകളുടെ കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. സാമ്പത്തിക പരമായ പ്രശ്നങ്ങളാണ് സ്വകാര്യ ബസുടമകള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top