HIGHLIGHTS : Search will resume today in Shirur; The parts where the rope is found are critical
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. സ്വാതന്ത്ര്യദിനം ആയതിനാല്‍ ഇന്നലെ തിരച്ചില്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യദിന പരേഡ് ഉള്‍പ്പെടെ നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ തിരച്ചില്‍ വേണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
തിങ്കളാഴ്ച ഡ്രഡ്ജിങ് സംവിധാനം എത്തിക്കുന്നത് വരെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകള്‍ ലഭിച്ച മേഖലയില്‍ ഡൈവ് ചെയ്തു തിരച്ചില്‍ നടത്തുമെന്നാണ് അറിയിച്ചത്.
ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കാനാണ് ശ്രമം. അര്‍ജുന്റെ ട്രക്കില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് ദൗത്യത്തില്‍ നിര്‍ണായകമാണ്. കരയില്‍ നിന്നും 50 അടി മാറി 30 അടി താഴ്ചയില്‍ നിന്നാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തില്‍ മൂന്നിടങ്ങളില്‍ കയറിന്റെ ഭാഗമുണ്ടെന്നും ഈശ്വര്‍ മാല്‍പ്പേ വ്യക്തമാക്കുന്നു. ഇത് സൂചനയായി കണക്കാക്കിയാല്‍ തീര്‍ച്ചയായും ഈ മേഖലയില്‍ ട്രക്ക് ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. ഇന്നത്തെ തിരച്ചില്‍ പൂര്‍ണ്ണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.
തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തുന്നതിനു മുന്‍പ് തന്നെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസവും ഈശ്വര്‍ മാല്‍പേ പങ്കുവെച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു