പഴങ്ങളും ഡ്രൈഫ്രൂട്ട്സും നല്‍കാനാണ് സ്‌കൂളുകളില്‍ മാംസാഹാരം ഒഴിവാക്കിയത്; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

ദില്ലി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ബീഫ് ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുല്‍ ഖോഡ പട്ടേലും, ലക്ഷദ്വീപ് ഭരണകൂടവും സുപ്രീം കോടതിയില്‍ ഒറ്റ സത്യവാങ്മൂലമാണ് ഫയല്‍ ചെയ്തത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളില്‍ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാല്‍ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാംഹാരം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഡ്മിനിട്‌സ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ രാകേശ് ദഹിയയുടെ ഉത്തരവ്. 2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share news
error: Content is protected !!
Scroll to Top