Section

malabari-logo-mobile

വിദ്യാര്‍ത്ഥികളെ ക്യൂനിര്‍ത്തിയ ബസ്സുകള്‍പെട്ടു; മലപ്പുറം ജില്ലയിലാകെ പരിശോധന;25 ബസുകള്‍ക്കെതിരെ നടപടി

HIGHLIGHTS : തിരൂരങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സ്‌കൂള്‍ സോണ്‍' എന്ന പേരില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ക...

തിരൂരങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ സ്‌കൂള്‍ സോണ്‍’ എന്ന പേരില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയും ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. അധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതെ ക്യൂ നിര്‍ത്തുകയാണെന്നും അമിത ചാര്‍ജ് ഈടാക്കുന്നു എന്നുമുള്ള വ്യാപകമായ പരാതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന പരിശോധനയുമായി രംഗത്തെത്തിയത്.

കോട്ടക്കല്‍ ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ ബസ്സിലെ സീറ്റുകളും ഫ്‌ലാറ്റ് ഫോമും തകര്‍ന്നു യാത്രക്കാര്‍ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അല്‍ നാസ് എന്ന ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. കുട്ടികളെ കയറ്റാതതിനും, ക്യൂവില്‍ നിര്‍ത്തിയതിനും, ടിക്കറ്റ് നല്‍കാത്തതിനും തുടങ്ങി വിവിധ കേസുകളിലായി 25 ബസ്സുകള്‍ക്കെതിരെ നടപടി എടുത്തു.ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒറ്റദിവസം കൊണ്ട് ഇത്രയും ബസ്സുകള്‍ക്കെതിരെ നടപടി എടുക്കുന്നത്.

sameeksha-malabarinews

പരിശോധനയോടൊപ്പം തന്നെ ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും നല്‍കി. ബസിനു മുന്നില്‍ ക്യൂ നില്‍ക്കരുത് എന്നും അമിത ചാര്‍ജ് നല്‍കരുതെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പറ്റിയും വിദ്യാര്‍ഥികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ ക്ലാസ്സ് വ്യത്യസ്തമായി. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.കൂടാതെ പ്രൈവറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോയ 8 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. പ്രൈവറ്റ് വാഹനങ്ങള്‍ സ്‌കൂള്‍ കുട്ടികളെ വെച്ച് സര്‍വീസ് നടത്തല്‍ നിയമവിരുദ്ധമാണ് എന്നതിനാലാണ്. പെര്‍മിറ്റില്ലാതെയും ടാക്‌സ് അടക്കാതെയും കുട്ടികളെ കൊണ്ടു പോയ പോയ രണ്ട് വാഹനങ്ങള്‍ക്കെതിരെയും നടപടി എടുത്തു.

പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം ബസ്റ്റാന്‍ഡ്, നിലമ്പൂര്‍, അരീക്കോട് ബസ്റ്റാന്‍ഡ്, ചുങ്കത്തറ, മഞ്ചേരി, എടവണ്ണ ബസ്റ്റാന്‍ഡ്, കോട്ടക്കല്‍, മലപ്പുറം, കൊണ്ടോട്ടി തിരൂരങ്ങാടി, എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ടി ജി ഗോകുലിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ മാരായ ഷബീര്‍ മുഹമ്മദ്, കെ വി റെജിമോന്‍, വി ഐ അസീം, മനോജ് കുമാര്‍,
എ എം വി ഐ മാരായ പി അബ്ദുല്‍ ഗഫൂര്‍, വിഎസ് സജിത്ത്, മുനീബ് അബാളി ,ഹരിലാല്‍ കെ രാമകൃഷ്ണന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെപ്പോലെ വിദ്യാര്‍ഥികളെയും കാണണമെന്ന് എന്‍ഫോഴ്‌സ്‌മെന്റെ ആര്‍ ടി ഒ ടി ജി ഗോഗുല്‍ ബസ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാന്‍ വരും ദിവസങ്ങളില്‍ മഫ്തിയിലും അല്ലാതെയും പരിശോധന കര്‍ശനമാക്കുമെന്നും ടി.ജി ഗോകുല്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!