HIGHLIGHTS : School Kalolsavam from January 4th to 8th in Thiruvananthapuram
അറുപത്തിമൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നൂറ്റിയൊന്നും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തില്‍ പത്തൊമ്പതും അറബിക് കലോത്സവത്തില്‍ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനില്‍ നവംബര്‍ 12 ല്‍ മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക നായകന്മാര്‍, സന്നദ്ധസംഘടനാ പ്രിതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട മുന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗരപരിധിയിലുളള 25 വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായും പ്രത്യേകം വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ്, പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ സ്റ്റേഡിയം ആണ് പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 21 ല്‍ കമ്മിറ്റി കണ്‍വീനര്‍മാരുടെ റിവ്യൂ മീറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍മാരുടെ (ജനറല്‍ & അക്കാദമിക്) നേതൃത്വത്തില്‍ ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള ടെന്‍ഡര്‍ നടപടികള്‍ ഈ മാസം 18 ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും ആയതില്‍ നിന്നും അസ്ലം തിരൂര്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്.
വിധികര്‍ത്താക്കള്‍ക്കും ഒഫിഷ്യല്‍സിനും താമസിക്കുന്നതിനായി തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലായി മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യകം സ്‌കൂളുകളാണ് ഒരുക്കുന്നത്. കനകക്കുന്നു മുതല്‍ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയില്‍ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡ്വ വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.