സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബ് രൂപീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബുകള്‍ രൂപീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ ഇടയില്‍ ജങ്ക് ഫുഡ് ഉപയോഗം കൂടുന്നതിനാല്‍ കേരളത്തില്‍ ഇവയുടെ ഉത്പാദനം നിരോധിക്കണം എന്നാവശ്യപ്പെട്ട് കളമശ്ശേരി മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് ഉത്തരവ്. ഇവയുടെ ഉത്പാദന-വിതരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധന നടത്തി നിയമലംഘകര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവായി.
ജങ്ക് ഫുഡിന്റെ അമിതോപയോഗം തടയുന്നതിനും ഇവയുടെ അപകട സാദ്ധ്യതകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലാസുകള്‍ എടുത്തുവരികയാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ഈ ക്ലാസുകള്‍ മുഴുവന്‍ സ്‌കൂളുകളിലും എടുക്കുന്നതിനും പരിപാടിയുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബുകള്‍ തുടങ്ങണമെന്ന് നിര്‍ദേശിച്ചത്. ജങ്ക് ഫുഡ് വര്‍ജിക്കുന്നതിന് കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തരമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.