നഴ്‌സസ് ക്ഷേമനിധിയിൽ സ്‌കോളർഷിപ്പും ക്യാഷ് അവാർഡും: അപേക്ഷ ക്ഷണിച്ചു

കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ സ്റ്റേറ്റ് ലെവലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സി ക്ക് ജില്ലാതലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തിയതി മുതൽ മൂന്നു മാസത്തിനകം ഇതിനുളള അപേക്ഷ നിശ്ചിത ഫോറത്തിൽ അതതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്‌സിംഗ് ആഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
കൂടാതെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷ മുഖേന ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കോഴ്‌സ് തീരുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Share news
error: Content is protected !!
Scroll to Top