കെ റെയിലിനെതിരെ എതിര്‍പ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: കെ റെയിലിനെതിരെ എതിര്‍പ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്. കെ റെയില്‍ വിഷയത്തില്‍ ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ വിമര്‍ശനങ്ങളുമായി പരിഷത്ത് രംഗത്തെത്തി.

കെ റെയില്‍ പദ്ധതി ഇടത് സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരന്നു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. കെ റെയില്‍ പദ്ധതിക്കെതിരെ പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എല്ലാം എതിര്‍പ്പുകള്‍ നിരത്തുന്നു ഇടത് പുരോഗമന പ്രസ്ഥാനം.

കെ റെയില്‍ സമ്പന്നരുടെ പദ്ധതിയാണ്. ഇതിന് പിന്നില്‍ 10,000 കോടിയിലേറെ റിയല്‍ എസ്‌റ്റേറ്റ് താല്പര്യങ്ങളാണെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടന ആരോപിച്ചു.

പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടും,വിശദമായ പദ്ധതി രേഖയും ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ അതിര്‍ത്തി തിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നതിലൂടെ സര്‍ക്കാരിന്റെ വികസന നയത്തില്‍ തന്നെ ചോദ്യമുയര്‍ത്തുന്നു. പദ്ധതി ചെലവ് ഒരുലക്ഷം കവിയുമെന്ന് യുഡിഎഫ് വിമര്‍ശനവും പരിഷത്ത് ഏറ്റുപറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയെ സിപിഐ നേതൃത്വം പിന്തുണക്കുമ്പോഴും സിപിഐക്കുള്ളിലെ ഭിന്നതകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഷത്തും ചുവപ്പ് കൊടി ഉയര്‍ത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top