എന്തുകൊണ്ട് ഇടതുപക്ഷത്തുനിന്നും ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായില്ല എന്നത് ഒരു ബാലിശമായ ചോദ്യമല്ല

ഹരിതയുടെ വാര്‍ത്താസമ്മേളനത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയരംഗത്തെ ആണ്‍കോയ്മയെക്കുറിച്ച് സതീഷ് തോട്ടത്തില്‍ എഴുതുന്നു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

 

പ്രൗഢമായിരുന്നൂ ആണധികാരങ്ങളാല്‍ പുറത്താക്കപ്പെട്ട ഹരിതയുമായ് ബന്ധപ്പെട്ട പെണ്‍കുട്ടികളുടെ പത്രസമ്മേളനം.
നീതിനിഷേധം അതിന്റെ പാരമ്യത്തിലെത്തിയിട്ടും
ഒറ്റപ്പെടുത്തലും അശ്ലീലവാക്കുകളും വേണ്ടുവോളം അനുഭവിച്ചിട്ടും
ഇവര്‍ എത്ര പക്വതയോടേയും തുറന്നുമാണ് നിലപാടുകള്‍ അറിയിച്ചത്.
ഇവര്‍ക്കെതിരേ ഉയര്‍ന്നുവന്ന അര്‍ത്ഥംവെച്ചുള്ള കമന്റുകള്‍പോലും
തുറന്നുപറഞ്ഞുതന്നെയാണ് ഇവരതിനെ നേരിട്ടത്.
ഇവര്‍ ചോദ്യം ചെയ്തത് അടിമുടിനിലകൊള്ളുന്ന രാഷ്ട്രീയ ആണധികാരങ്ങളെയാണ്..
ഇതിലെത്രത്തോളം അവര്‍ വിജയിക്കുമെന്നതല്ല
തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് അഭിനന്ദനമര്‍ഹിക്കുന്നത്..
മുസ്ലീംലീഗെന്ന ഒറ്റപാര്‍ട്ടിയില്‍ ഒതുക്കേണ്ടതല്ല ഈ ആണധികാരങ്ങള്‍.
ഏറിയും കുറഞ്ഞും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത് പേറുന്നുണ്ട്.
മതത്തിന്റെ യാഥാസ്ഥിതകത്വംകൂടി മുസ്ലീംലീഗിന് പേറേണ്ടിവരുന്നതിനാല്‍
അവരെ തൃപ്തിപ്പെടുത്തലും ലീഗിന് സ്ത്രീവിഷയങ്ങളില്‍ അനിവാര്യമാണ്.

എന്തുകൊണ്ട് ഇത്രയും കാലമായിട്ടും ഇടതുപക്ഷത്തുനിന്നും ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായില്ലെന്ന ചോദ്യങ്ങള്‍
ബാലിശമായ ചോദ്യങ്ങളല്ല..
അത് തികച്ചും അര്‍ഹിക്കുന്നതുമാണ്.
അര്‍ഹതപ്പെട്ടവര്‍ ഇനിയും തഴയപ്പെട്ടുകൂട.
ഒരു വനിത ആരോഗ്യമന്ത്രിയായപ്പോള്‍ തിളങ്ങിയത് ലോകംമുഴുവന്‍ കണ്ടതാണ്.
എന്നാലും താരതമ്യേന വനിതാ പദവികളില്‍ ഇടതുപക്ഷം കുറേകൂടി വിട്ടുവീഴ്ചചെയ്യുന്നൂവെന്നതും യാഥാര്‍ത്ഥ്യമാണ്..
കോണ്‍ഗ്രസിലും സീനിയറായ സ്ത്രീശബ്ദങ്ങള്‍പോലും അവഗണിക്കപ്പെട്ടത് പൊട്ടിത്തെറിയില്‍ കലാശിച്ചിരുന്നു.
ചിലര്‍ പുറത്തേക്കുംപോയി.
ബി.ജെ പി. യിലെ സ്ത്രീശബ്ദങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന ശോഭാ സുരേന്ദ്രനെ ആ പാര്‍ട്ടിയിലെ ആണ്‍കോയ്മകള്‍ ഒതുക്കി മൂലക്കിരുത്തുന്നതും മുമ്പിലുണ്ട്.
ഉത്തരവാദിത്തപ്പെട്ട ഒരധികാരങ്ങളും ആ പാര്‍ട്ടിക്ക് കിട്ടാഞ്ഞിട്ടുപോലും ആ പാര്‍ട്ടിയുടെ അവസ്ഥയിതാണ്…
വിഷയം മുസ്ലീംലീഗും രാഷ്ട്രീയത്തില്‍നിന്നും ആണധികാരത്താല്‍ തിരസ്‌കൃതമാകുന്ന മുസ്ലീം സ്ത്രീകളുമാണല്ലോ.അതിലേക്ക് വരാം.
ഇന്ന് മുസ്ലീംപെണ്‍കുട്ടികള്‍ ആരേയും അതിശയിപ്പിക്കുംവിധം വിദ്യാഭ്യാസപരമായ് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
പ്രൊഫഷണല്‍ കോളേജുകളില്‍ മുസ്ലീംപെണ്‍കുട്ടികളുടെ സാന്നിദ്ധ്യം ഇന്ന് പ്രശംസനീയമാണ്.

1948 ല്‍ സ്ഥാപിച്ച ഫാറൂഖ് കോളേജില്‍ ആദ്യവര്‍ഷം 13 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതില്‍ വെറും നാല് പെണ്‍കുട്ടികള്‍ മാത്രമേ മുസ്ലീംസമുദായത്തില്‍ നിന്നുണ്ടായത്.
ഇന്നവിടെ പഠിക്കുന്ന എഴുപത് ശതമാനം പെണ്‍കുട്ടികളില്‍ അറുപത് ശതമാനത്തിന് മുകളിലും മുസ്ലീംപെണ്‍കുട്ടികളാണ്.
എത്രയോ ഉയര്‍ന്ന പദവികളില്‍ അവര്‍ എത്തിപ്പെട്ടിട്ടുണ്ട്.
മുപ്പതുകൊല്ലത്തോളമായ് ഒരു തീരദേശ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനാല്‍
മുസ്ലീംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഏറ്റകുറച്ചിലുകള്‍ നേരിട്ടനുഭവിക്കാനായിട്ടുണ്ട്…
ഹൈസ്‌കൂള്‍പഠനംപോലും പൂര്‍ത്തിയാക്കാതെ വിവാഹകമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടികളെ കണ്ടിട്ടുണ്ട്.
പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് നിഷേധിക്കപ്പെടുകയായിരുന്നൂ പലപ്പോഴും…
കാലം മാറി…സ്‌കൂളിന്റെ മുഖച്ഛായയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങള്‍ വന്നു…
ഡോക്ടറും എഞ്ചിനീയറും ആര്‍ക്കിടെക്റ്റും സയന്റിസ്റ്റും വക്കീലും ടീച്ചറുമായെല്ലാം അവരുയര്‍ന്നു കഴിഞ്ഞു.
മിനിമ ഡിഗ്രിയെങ്കിലും എടുക്കാത്ത മുസ്ലീംപെണ്‍കുട്ടികള്‍ ഇല്ലെന്നുതന്നെ പറയാം…
വിവാഹത്തില്‍പോലും അവര്‍ക്ക് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായി.
ഇതെല്ലാം അംഗീകരിക്കുമ്പോഴും
പൊതുസമൂഹത്തിലേക്കുള്ള അവരുടെ ഇടപെടലുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കുന്ന പരിഗണനകളും സ്ഥാനങ്ങളുമെല്ലാം എത്രത്തോളം മെച്ചപ്പെട്ടതാണ്…?
രാഷ്ട്രീയത്തില്‍ ഇവര്‍ എത്തിപ്പെടുമ്പോള്‍ തഴയപ്പെടുന്നതും സാധാരണമാണ്…
ഹരിതയിലെ പെണ്‍കുട്ടികള്‍ ചോദിച്ച ചോദ്യങ്ങളും ഇതിന്റെ പ്രതിഫലനമാണ്.

1991 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് മുപ്പത് ശതമാനം സ്ത്രീ സംവരണം പ്രാബല്യത്തില്‍ വരുന്നത്…
ആ തിരഞ്ഞെടുപ്പില്‍ അനുയോജ്യരായ വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഏറ്റവുംകൂടുതല്‍ വിയര്‍ക്കേണ്ടിവന്നത് ലീഗിനാണ്…
അതുവരേയും പൊതുമണ്ഡലത്തിലേക്കുള്ള സ്ത്രീപ്രവേശനങ്ങള്‍ പലനിലക്കും വിലക്കപ്പെട്ടിരുന്നു.
സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കായിരുന്നു കൂടുതലും മത്സരിക്കാന്‍ നറുക്കുവീണത്.
മുസ്ലീംഭൂരിപക്ഷജില്ലയായ മലപ്പുറം ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കണമെങ്കില്‍ യാഥാസ്ഥിതികമതവിശ്വാസികളെകൂടി തൃപ്തിപെടുത്തണമായിരുന്നു..
അവരുടെ ഡ്രസ്‌കോഡുകള്‍പോലും മത്സരിക്കാനുള്ള അളവുകോലായിരുന്നു.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ് പി.കെ.സൈനബ മത്സരിച്ചപ്പോള്‍ എതിര്‍പക്ഷത്തിന്റ പ്രാധാന ആക്ഷേപം
അവര്‍ തട്ടമിടുന്നില്ല എന്നതായിരുന്നു.
മുസ്ലീംലീഗ് സ്ഥാപിക്കപ്പെട്ട് അരനൂറ്റാണ്ട് കഴിഞ്ഞിട്ടാണ്
അതും നിര്‍ബന്ധിതാവസ്ഥയിലാണ്
മുസ്ലീംലീഗിന് ഒരു വനിതാവിഭാഗംപോലുമുണ്ടാകുന്നത്.
അതിപ്പോള്‍ എത്രത്തോളം സജീവമാണെന്നത് മറ്റൊരു വിഷയം.
1996 ലെ നിയമസഭാതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവന്നൂ ലീഗിന് ഒരു വനിതാസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍.
അന്ന് ഖമറുന്നീസ അന്‍വറിനെ നിര്‍ത്തിയതുപോലും തോല്‍ക്കുമെന്ന് ഏറെകുറേ ഉറപ്പുള്ള സീറ്റിലും…
ഇന്നും ഷുവറായ് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍പോലും വനിതകളെ നിര്‍ത്താന്‍ തയ്യാറുമല്ല.
സുരക്ഷിത മണ്ഡലങ്ങളെല്ലാം ആണുങ്ങള്‍ക്ക് തന്നെയാണ് സീറ്റുകള്‍.
മുസ്ലീം വനിതാസംഘടനകള്‍ക്കുപോലും
പ്രവര്‍ത്തനപരിമിതി നിര്‍ണ്ണയിച്ചിട്ടുണ്ട്.
സ്വതന്ത്രമായ് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ക്ലേശങ്ങള്‍ ഒരുപാടുണ്ട്.
പുരുഷാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രീയധികാരത്തെ തിരുത്തിയപ്പോഴൊക്കെ അത് ഒതുക്കപ്പെടുകയും ചെയ്തു.
ഇസ്ലാം സ്ത്രീക്ക് മാന്യമായ പദവിനല്‍കിയ മതമാണെന്ന് പറയുമ്പോഴും
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിന്
മതപരമായ തടസ്സങ്ങള്‍തന്നെ ഉന്നയിച്ചാണ് അതിനെ നേരിടാറ്.
ഇന്ന് ഒരുപാട് മുസ്ലീംസ്ത്രീകള്‍ തദ്ദേശസ്ഥാപനങ്ങളെ നയിക്കുന്നുണ്ട്.
അതിന് പുരുഷാധിപത്യപാര്‍ട്ടികള്‍ നിര്‍ബന്ധിതമായത് സ്ത്രീസംവരണം വന്നതുകൊണ്ട് മാത്രമാണ്..
ഇനി ഇവര്‍ തിരഞ്ഞെടുത്താലും
പുരുഷാധിപത്യ രാഷ്ട്രീയ വ്യവസ്ഥയില്‍ ഇവരെ നിര്‍ജ്ജീവമാക്കാന്‍ എളുപ്പമാണ്.
ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതും അതാണ്….
പലപ്പോഴും അധികാരം കയ്യാളുന്ന വനിതാപ്രതിനിധികളുടെ അഭിപ്രായങ്ങളെ അംഗീകരിക്കാതിരിക്കലും ഭൂരിപക്ഷപുരുഷസമിതികളുടെ അജണ്ടയുടെ ഭാഗമാകാറുണ്ട്…
ഇത്തരം ആണഹങ്കാരങ്ങളെ നിലക്കുനിര്‍ത്തുന്ന കാഴ്ചകള്‍ തിരുവനന്തപുരം മേയര്‍ ആര്യയില്‍നിന്നും കേട്ടതും നമ്മള്‍ കണ്ടതാണ്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും ആണ്‍മേല്‍കോയ്മകള്‍ക്ക് ഹരിതയുടെ പെണ്‍കുട്ടികള്‍കൊടുത്ത പാഠം അഭിനന്ദനാര്‍ഹമാണ്…..
ലീഗിന്റെ ആഭ്യന്തരപ്രശ്‌നംമാത്രമായിത്
ചുരുക്കുകയല്ല വേണ്ടത്
ഇവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സൂക്ഷ്മതയോടെ വിലയിരുത്തുകയും പഠിക്കുകയുമാണ് വേണ്ടത്..
ഇനിയും ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക…..

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •