Section

malabari-logo-mobile

സജി ചെറിയാന്റെ തിരിച്ചുവരവ്; സത്യപ്രതിജ്ഞ ഇന്ന്

HIGHLIGHTS : Saji Cherian's comeback; Oath today

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.

ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് – സാംസ്‌കാരികം – സിനിമ – യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. .

sameeksha-malabarinews

മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ശുപാര്‍ശ മറികടന്നാല്‍ ഭരണഘടനയെ ഗവര്‍ണര്‍ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല്‍ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്‍കാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ശക്തമായ വിയോജിപ്പുകളോടെ ഗവര്‍ണര്‍ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സജിയുടെ മടക്കത്തില്‍ കടുത്ത വിയോജിപ്പോടെയുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരില്‍ നിന്നും നിയമോപദേശങ്ങള്‍ തേടി പരമാവധി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

സാഹചര്യം അസാധാരണമാണ്. ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് അതൃപ്തിയോടെ ഫോണില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചത്. ഭരണഘടനയെ അവഹേളിച്ചുള്ള മല്ലപ്പള്ളി പ്രസംഗത്തില്‍ കഴിഞ്ഞ ജുലൈ ആറിനായിരുന്നു സജി ചെറിയാന്‍ രാജിവെച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!