ശബരിമല ക്ഷേത്ര നട ഓണത്തോടനുബന്ധിച്ച് പൂജകള്‍ക്കായി മറ്റന്നാള്‍ (13.09.2024 ) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ദര്‍ശം നടത്താനായി അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക.
ഓണം കന്നിമാസ പൂജ തുടങ്ങിയവ ആയതിനാല്‍ ശബരിമലയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരിക്കും.
ഭക്തര്‍ക്ക് വിപുലമായ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ കെ എസ് ആര്‍ ടി സി പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പമ്പയിലേക്ക് ഒരാഴ്ച മുന്‍പ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടാകും.




