ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം ; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ

Kovid Examination Certificate Mandatory for Sabarimala Pilgrimage; Vision through a virtual queue system

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഈ വര്‍ഷം വളരെ കുറച്ച് തീര്‍ത്ഥാടകരെയേ ദര്‍ശനത്തിന് അനുവദിക്കാനാകുകയുള്ളൂ. പോലീസ് വകുപ്പിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തീര്‍ത്ഥാടകരുടെ പ്രവേശനം നിയന്ത്രിക്കും. കോവിഡ്-19 രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.
2018 ലെ പ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞ്കൂടിയ മണല്‍ നീക്കം ചെയ്ത് മാറ്റിയിട്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. 17517 ട്രക്ക് ലോഡ് മണല്‍ ചക്കുപാലം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് കക്കി ഡാമില്‍ നിന്നും വന്ന ഒഴുക്ക് വെള്ളത്തില്‍ വീണ്ടും ഈ പ്രദേശത്ത് മണല്‍ അടിഞ്ഞ്കൂടിയിട്ടുണ്ടാകാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ ഈ മണലും നീക്കം ചെയ്യേണ്ടതുണ്ട്. മണ്ണിടിച്ചില്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്‌ക്കെതിരെ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളും മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, ഈ വര്‍ഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുറക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. എമര്‍ജന്‍സി ഇവാക്വേഷന് ഹെലി കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പത്തനംതിട്ട ജില്ലാ കളക്ടറും, ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും യോഗത്തില്‍ ആവശ്യമുന്നയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •