ശബരിമല ദര്‍ശനത്തിനുപോയ അധ്യാപികയ്ക്ക് വധഭീഷണി

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ അധ്യാപികയ്ക്ക് നേരെ വധഭീഷണിയെന്ന് പരാതി. കോഴിക്കോട് ചേവായൂരില്‍ താമസിക്കുന്ന ബിന്ദു തങ്കം കല്യാണിക്ക് നേരെയാണ് ഭീഷണിയുണ്ടായിരിക്കുന്നത്.

ഭീഷണിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് അധ്യാപിക. കൂടാതെ ഇവര്‍ താമസിച്ചുവരുന്ന വാടക വീട്ടില്‍ നിന്ന് ഒഴിയാന്‍ ഉടമസ്ഥന്‍ ആവശ്യപ്പെട്ടതായും ബിന്ദു പറഞ്ഞു.

ബിന്ദു ജോലി ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയിരുന്നു.

ബിന്ദു ഞായറാഴ്ചയാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ പമ്പയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോരുകയായിരുന്നു.

Related Articles