രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ

2026-ലെ രാജ്യത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കായിക രംഗത്തുനിന്ന് ഒൻപതുപേർ പത്മ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ, വനിതാ ഏകദിന ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിനെ ഐ സി സി കിരീട നേട്ടത്തിലേക്ക് നയിച്ചത് കൂടി പരിഗണിച്ചാണ് ആദരവ്.

മുൻ ടെന്നീസ് ഇതിഹാസം വിജയ് അമൃത്‌രാജ് പത്മഭൂഷൺ ബഹുമതിക്ക് അർഹനായപ്പോൾ, ഹോക്കി താരം സവിത പൂനിയ, ബൽദേവ് സിങ്, ഭഗവൻദാസ് റയ്ക്വാർ, കെ. പജനിവേൽ, പ്രവീൺ കുമാർ, വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവരാണ് കായിക മേഖലയിൽ നിന്ന് പത്മശ്രീ നേടിയ മറ്റ് പ്രമുഖർ.

നിലവിൽ ഇന്ത്യൻ പുരുഷ ടീമിലെ സീനിയർ താരമായ രോഹിത് ശർമയ്ക്ക് കീഴിലാണ് കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടവും ഐ സി സി ചാമ്പ്യൻസ് ട്രോഫി കിരീടവും ഇന്ത്യ നേടിയത്. ശേഷം ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ഏകദിന ടീമിൽ ഇപ്പോഴും അവിഭാജ്യ ഘടകമായി തുടരുന്നുണ്ട്. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്ന് 38 കാരൻ നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം നടന്ന വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ഹർമൻപ്രീത് കൗറായിരുന്നു. ടീം ഇന്ത്യയെ നിലവിൽ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന 36 കാരിക്കും അർഹിച്ച അംഗീകാരമാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top