HIGHLIGHTS : Rice will be made available to the people at reasonable prices during Onam: Minister GR Anil
ഓണക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായവിലയില്‍ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയില്‍ അരി വില ക്രമാതീതമായി ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 1ന് ഡല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, മുന്‍ഗണനേതര വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് 5 കിലോഗ്രാം അരി വീതം നിലവില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന ടൈഡ് ഓവര്‍ വിഹിതത്തിന്റെ നിരക്കായ 8.30 രൂപയ്ക്ക് ലഭ്യമാക്കണമെന്നും 2022 മുതല്‍ നിര്‍ത്തിവെച്ച ഗോതമ്പിന്റെ ടൈഡ് ഓവര്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. രാജ്യസഭാംഗം പി. സന്തോഷ് കുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എന്നാല്‍, ഈ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ജൂലൈ 2ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഒ.എം.എസ്.എസ്.) വഴി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങാമെന്നും വാര്‍ഷിക അലോട്ട്മെന്റിന്റെ 6 മാസത്തെ ഭക്ഷ്യധാന്യം മുന്‍കൂറായി ഏറ്റെടുക്കാന്‍ അനുമതിയുണ്ടെന്നും വ്യക്തമാക്കുന്നു.
1965 മുതല്‍ കേരളത്തില്‍ സാര്‍വത്രിക റേഷന്‍ സമ്പ്രദായം നിലനിന്നിരുന്നെങ്കിലും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തോടെ 57 ശതമാനം ജനങ്ങള്‍ റേഷന്‍ പരിധിക്ക് പുറത്തായി. സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം 16.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. ഇതില്‍ 10.27 ലക്ഷം മെട്രിക് ടണ്‍ മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് സൗജന്യമായി നല്‍കുന്നു. ബാക്കി 3.98 ലക്ഷം മെട്രിക് ടണ്‍ 8.30 രൂപ നിരക്കില്‍ ടൈഡ് ഓവര്‍ വിഹിതമായി ലഭിക്കുന്നു. ഈ അരി ഉപയോഗിച്ചാണ് മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍ നല്‍കുന്നത്. നാണ്യവിളകളിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒരു ഭക്ഷ്യകമ്മി സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷാ നിയമത്തോടെ പൊതുവിപണിയില്‍ അരി വില നിയന്ത്രിക്കുന്നത് ശ്രമകരമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഒ.എം.എസ്.എസ്. സ്‌കീം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍, മില്ലുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് ഓക്ഷനില്‍ പങ്കെടുത്ത് ഭക്ഷ്യധാന്യം വാങ്ങാന്‍ അനുവദിക്കുന്നു. സപ്ലൈകോ വര്‍ഷങ്ങളായി ഈ സ്‌കീമിലൂടെ അരി വാങ്ങി വിതരണം ചെയ്യുന്നു. 2020-21ല്‍ 21,865 മെട്രിക് ടണ്‍ പച്ചരി, 26,375 മെട്രിക് ടണ്‍ പുഴുക്കലരി, 9,190 മെട്രിക് ടണ്‍ ഗോതമ്പ് എന്നിവ സപ്ലൈകോ ഇപ്രകാരം വാങ്ങി വിതരണം ചെയ്തിട്ടുണ്ട്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെയും സപ്ലൈകോയെയും ഈ സ്‌കീമില്‍ നിന്ന് വിലക്കിയിരുന്നെങ്കിലും സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വിലക്ക് നീക്കി. 2025 ജനുവരി മുതല്‍ 4,475 മെട്രിക് ടണ്‍ അരി സപ്ലൈകോ ഏറ്റെടുത്ത് വിതരണം ചെയ്തു.
ഗോതമ്പിന്റെ ടൈഡ് ഓവര്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചു. കേരളത്തില്‍ 40 ശതമാനത്തിലധികം ആളുകള്‍ പ്രമേഹ ബാധിതരാണെന്ന കണക്കുകള്‍ പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. 2018ലെ ഓഖി ദുരന്തത്തില്‍ 3,555 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കിയതിന്റെ 8.31 കോടി രൂപ, പ്രളയബാധിതര്‍ക്ക് 89,540 മെട്രിക് ടണ്‍ അരി നല്‍കിയതിന്റെ 205.80 കോടി രൂപ, കോവിഡ് കാലത്ത് കാര്‍ഡ് ഒന്നിന് സൗജന്യനിരക്കായ 15 രൂപയ്ക്ക് 10 കിലോഗ്രാം അരി വീതം നല്‍കിയതിന്റെ 649 കോടി രൂപ എന്നിവ കേന്ദ്രം സംസ്ഥാനത്തോട് ഈടാക്കിയിരുന്നു. എന്നിട്ടും, സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രതിസന്ധിയിലും ജനങ്ങളെ കൈവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ സപ്ലൈകോയില്‍ പച്ചരി 29 രൂപയ്ക്കും കെ-റൈസ് 33 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കില്‍ അരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനാവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു