HIGHLIGHTS : Revenue Inspector vigilance caught while accepting bribe
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പ്പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തൃശൂര്‍ കണിമംഗലം സോണ്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ നാദിര്‍ഷ പിടിയിലാകുന്നത്.
തൃശൂര്‍ വിജിലന്‍സ് സംഘമാണ് ഇയാളെ പിടികൂടിയത്. കണിമംഗലം സ്വദേശിയുടെ പക്കല്‍ നിന്നും വീടിന്റെ വസ്തു അവകാശം മാറ്റി നല്‍കുന്നതിനുവേണ്ടി ഇയാള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്.


പരാതിക്കാരന്‍ അമ്മയുടെ സഹോദരിയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഓണര്‍ഷിപ്പ് മാറ്റിനല്‍കാനായി ഉദ്യോഗസ്ഥന്‍ 2000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ രണ്ടായിരം രൂപയുടെ നോട്ട് വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഡിവൈഎസ്പി ജിം പോള്‍ സി ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.