
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പോയവരുടെ മടക്കയാത്ര ഇന്ന് മുതല്‍ ആരംഭിക്കും. കേരളത്തില്‍ നിന്നും ഇത്തവണ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിച്ചത്.
ഇതില്‍ കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്ര തിരിച്ച ഹാജിമാരാണ് ജൂലൈ ഒന്നു മുതല്‍ മടങ്ങിയെത്തുന്നത്. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര.
കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ IX-3012 തിങ്കളാഴ്ച വൈകീട്ട് 3.25ന് കരിപ്പുരിലെത്തും. 166 ഹാജിമാരാണ് ആദ്യ വിമാനത്തില്‍ എത്തുന്നത്. രണ്ടാമത്തെ സര്‍വീസ് അന്ന് തന്നെ രാത്രി 8.25 ന് എത്തും.
കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങള്‍ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയിലും കണ്ണൂരിലും സര്‍വ്വീസ് നടത്തുന്നത്. കൊച്ചിന്‍ എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സര്‍വ്വീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സര്‍വ്വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂര്‍ 9 സര്‍വ്വീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സര്‍വ്വീസ്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഹാജിമാരെ സ്വീകരിക്കുന്നതിന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രൈനര്‍മാര്‍ തുടങ്ങിയവര്‍ ഹാജരാകും. കൂടാതെ സംസ്ഥന സര്‍ക്കാര്‍ 17 അംഗ സര്‍ക്കാര്‍ ജീവനക്കാരുടെ ഹജ്ജ് സെല്‍ പ്രത്യേകം രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




