പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി, ജുമുഅ നമസ്കാരത്തിന് പരീക്ഷാ സമയം തടസ്സമാകരുത്; സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം

കാസര്‍കോട്: സംസ്ഥാനത്ത് രണ്ടു പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറാകണം എന്നും സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ നമസ്‌കാരത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷ നടത്തണം എന്നും ജുമുഅ സമയത്ത് ക്ലാസ് എടുക്കുന്നത് അനീതിയാണ് എന്നും സമസ്ത പറഞ്ഞു. മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം എന്നും സമസ്ത ഓര്‍മിപ്പിച്ചു.

ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണെന്നാണ് സമ്മേളനം വിലയിരുത്തിയത്. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം പ്രമേയം ആവശ്യപ്പെടുന്നു.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്നാണ് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ല വിഭജിക്കണം എന്നും സമസ്ത ആവശ്യപ്പെട്ടു. വികസനത്തില്‍ മലപ്പുറം ജില്ലയില്‍ വലിയ അസന്തുലിതാവസ്ഥയുണ്ട് എന്നും ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത് എന്നും  ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്നാണ്  കേരളത്തിന്റെ വര്‍ധിച്ച് വരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിന് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട് എന്നും സമസ്ത ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം എന്നും സമസ്ത പറഞ്ഞു. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാന്‍ പുതിയ ജില്ലകള്‍ രൂപീകരിക്കണം എന്നും എന്നാല്‍ വിഭജനം എന്ന വാക്കിന് വ്യത്യസ്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

സമസ്ത സെക്രട്ടറിയും വഖഫ് ബോര്‍ഡ് അംഗവുമായ കെ ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കും. എന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top