സംവരണത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഭാഷയുടെ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കേണ്ടത്: ഭാഷാ സമരത്തിന്റെ പശ്ചാത്തലത്തില്‍ ലിജീഷ് കുമാര്‍ എഴുതുന്നു….

കെ.എ.എസ് ഉള്‍പ്പെടെയുള്ള പിഎസ്‌സി തൊഴില്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളില്‍ ഇംഗ്ലീഷിന് പുറമെ മലയാളത്തിലും പരിഭാഷയുള്‍പ്പെടുത്തണമെന്നാവിശ്യപ്പെട്ട് നടക്കുന്ന ഭാഷ സമരത്തെ പിന്തുണച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാകുന്നു. ഈ ലേഖനത്തില്‍ ഭാഷാസമരത്തിന്റെ പ്രസക്തിയെ കുറിച്ച് വ്യത്യസ്തവും ഗൗരവതരവുമായ നിരീക്ഷണങ്ങള്‍ ലിജീഷ് നടത്തുന്നുണ്ട്.

ഭാഷയുടെ രാഷ്ടീയം തിരിച്ചറിയാത്ത ബുദ്ധിജീവിനാട്യങ്ങളെയും, കടുപിടുത്തത്തിലൂടെ കടന്നുവരുന്ന വിപണിയുടെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതുണ്ടെന്ന് ലിജീഷ് പറഞ്ഞുവെക്കുന്നുമുണ്ട് ഈ ലേഖനത്തില്‍. അവസരം നഷ്ടപ്പെടുന്നവരുടെ അതിജീവനത്തിന്റെ സമരം കൂടിയാണിത് നമുക്കും ഐക്യപ്പെടാം…..

ലിജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

കിം കി ഡുക്കിന്റെ കൊറിയന്‍ പടം കാണാറുണ്ടോ, മജീദ് മജീദിയുടെ ഇറാനിയന്‍ പടം ? എനിക്ക് കൊറിയന്‍ ഭാഷ അറിയില്ല കേട്ടോ, പേര്‍ഷ്യനും അറിയില്ല – എങ്കിലും സിനിമ കണ്ടാല്‍ അതിലെ ഇമോഷനുകളുടെ ചുവടുപിടിച്ച് ചെറുതായി മനസ്സിലാകും. ചെറുതായെന്ന് വെച്ചാല്‍ തീരെ ചെറുതായി. ലോകോത്തര സിനിമകളാണെങ്കിലും സബ്‌ടൈറ്റില്‍ ഇല്ലാതെ ഇവയൊന്നും കണ്ട് തീര്‍ക്കാനേ കഴിയില്ല. ഈ സബ്‌ടൈറ്റിലുകള്‍ പലപ്പോഴും മൂലഭാഷയോട് നീതി പുലര്‍ത്താറില്ല എന്ന പരാതി പല വിദേശ സിനിമാക്കാര്‍ക്കും ഉണ്ട്. ഒരിക്കല്‍ മജീദ് മജീദിയോട് ഞാനിത് ചോദിച്ചു, ”സങ്കടം വരില്ലേ, നിങ്ങള്‍ പ്രതീക്ഷിക്കാത്ത ചിലത് ഭാഷയുടെ പ്രശ്‌നം കൊണ്ട് കണ്‍വേ ചെയ്യപ്പെടാതെ വരുമ്പോള്‍ ?” അദ്ദേഹം ചിരിച്ചു. ”ഭാഷയുടെ പ്രശ്‌നം കൊണ്ട് ഒന്നും കണ്‍വേ ചെയ്യപ്പെടാത്തതിനെക്കാള്‍ സങ്കടം കുറവായിരിക്കും ചിലപ്പോള്‍. നോക്കൂ, ഇറാന്‍കാര്‍ മാത്രം കാണുമായിരുന്ന സിനിമയാണ്, അത് നിങ്ങളിലേക്കൊക്കെ എത്തുന്നുണ്ടല്ലോ. സബ്‌ടൈറ്റിലുകള്‍ക്ക് നിലവാരം പോര എന്നതുകൊണ്ട് എന്റെ പടം സബ്‌ടൈറ്റിലോടുകൂടി ലഭ്യമാക്കരുത് എന്ന വിവരക്കേട് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്കെന്ത് മജീദ് മജീദി സബ്‌ടൈറ്റില്‍ എഴുത്തുകാര്‍ കുറച്ചുകൂടെ ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയോ – അത്തരം പ്രൊഫഷണലുകളെ നമ്മുടെ സിനിമയുമായി സഹകരിപ്പിക്കുകയോ ചെയ്യലാണ് ബുദ്ധിയുള്ള സൊല്യൂഷന്‍”

പി.എസ്.സി പരീക്ഷയുടെ ക്വസ്റ്റ്യന്‍ പേപ്പറില്‍ ഇംഗ്ലീഷിലുള്ള ഓരോ ചോദ്യങ്ങളുടെയും വലതുവശത്ത് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം എന്ന് ആവശ്യം ഉന്നയിക്കുമ്പോള്‍, ഹേയ് മലയാളം സബ്‌ടൈറ്റില്‍ ഈ ഇംഗ്ലീഷിനോട് നീതിപുലര്‍ത്താന്‍ പക്വമല്ല – അതുകൊണ്ട് അങ്ങനെ ഒരു വലതുഭാഗമേ ക്വസ്റ്റ്യന്‍ പേപ്പറില്‍ ഉണ്ടാവാന്‍ പാടില്ല എന്ന വിവരക്കേട് എഴുന്നള്ളിക്കുന്നവര്‍ മജീദ് മജീദിയെ ഒന്ന് പരിചയപ്പെട്ടാല്‍ നല്ലതാണ്. ചോദ്യങ്ങള്‍ക്ക് മലയാളം എഴുതുന്നവര്‍ കുറച്ചുകൂടെ ആത്മാര്‍ത്ഥമായി ചോദ്യപ്പേപ്പറിനെ സമീപിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയോ – അത്തരം പ്രൊഫഷണലുകളെ നമ്മുടെ പി.എസ്.സി പരീക്ഷയുമായി സഹകരിപ്പിക്കുകയോ ചെയ്യലാണ് ബുദ്ധിയുള്ള സൊല്യൂഷന്‍ എന്ന് അദ്ദേഹത്തില്‍ നിന്ന് പഠിച്ചാല്‍ നല്ലതാണ്.

ഇപ്പഴാണോര്‍ത്തത്, ഇംഗ്ലീഷ് ഭാഷാ മൗലികവാദികള്‍ മജീദ് മജീദിയെ എങ്ങനെ പരിചയപ്പെടാനാണ് ! മജീദ് മജീദിക്ക് ഇംഗ്ലീഷൊന്നും അറിയില്ല, കിം കി ഡുക്കിനും അറിയില്ല. മജീദ് മജീദിയുമായി മിണ്ടിപ്പറഞ്ഞിരുന്ന ദിവസം ചില കാര്യങ്ങള്‍ ഇംഗ്ലീഷിലും ഹൃദയം കൊണ്ട് മാത്രം സംസാരിക്കേണ്ട ചിലത് മലയാളത്തിലുമാണ് ഞാന്‍ സംസാരിച്ചത്, സത്യത്തില്‍ ആ അഭിമുഖത്തില്‍ നാലു പേരാണ് പങ്കെടുത്തത്. ഒന്ന്: ഞാന്‍, രണ്ട്: എന്റെ ഹൃദയമലയാളത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഷിജു.ആര്‍, മൂന്ന്: ആ ഇംഗ്ലീഷിനെ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മാറ്റിയ ഇര്‍ഫാന്‍, നാല്: പേര്‍ഷ്യന്‍ ഭാഷയില്‍ സംസാരിച്ച മജീദ് മജീദി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദി കളര്‍ ഓഫ് പാരഡൈസ്, ഫാദര്‍, ദി സോങ് ഓഫ് സ്പാരോസ്, എന്നെ വശീകരിച്ച അയാളുടെ സിനിമകളെപ്പറ്റി എന്റെ ഭാഷയില്‍ മാത്രം എനിക്ക് പറയാന്‍ കഴിയുന്ന ചിലതുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ സംസാരിച്ചത്. ഷിജു.ആറിന്റെ ഇംഗ്ലീഷ് പരിഭാഷ എന്റെ മാനസികവികാരത്തിന്റെ ആത്മാര്‍ത്ഥതയെ ഉള്‍ക്കൊണ്ടാലുമില്ലെങ്കിലും എനിക്കത് അങ്ങനെത്തന്നെ പറയണമായിരുന്നു. എന്തിന് എന്ന് കേവലമായി നിങ്ങള്‍ ചോദിച്ചേക്കും – ഞാനുത്തരം മുട്ടി നിന്നേക്കും. പല വൈകാരികതകളും അങ്ങനെയാണ്, ചിലപ്പോള്‍ ബോധ്യപ്പെടുത്താനാവില്ല.

യുവാല്‍ നോവ ഹരാരി / Yuval Noah Harari,
ഇസ്രായേലുകാരനായ ചരിത്രകാരനാണ്. 2O11 ല്‍ ഹീബ്രു ഭാഷയില്‍ പുറത്തിറങ്ങിയ Sapiens: A Brief History of Humankind എന്ന ഹരാരിയുടെ പുസ്തകം ഇന്ന് 30 ഭാഷകളില്‍ ലോകമാകമാനം വന്‍ വില്‍പ്പനയാണ് നടക്കുന്നത്. 2014 ല്‍ അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്ത് വന്നതോടെയാണ് അത് ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറാകുന്നത്. ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന തലക്കെട്ടില്‍ ഡി.സി.ബുക്സില്‍ നിന്ന് അതിന്റെ മലയാളം വന്നു. അതും ബെസ്റ്റ് സെല്ലര്‍ യുവാല്‍ നോവ ഹരാരിയെ ഒക്കെ വായിക്കുന്ന അഭ്യസ്തവിദ്യന് എന്തിനാണ് ഈ ഓഞ്ഞ മലയാളം പുസ്തകം, ഇംഗ്ലീഷില്‍ വായിച്ചാല്‍ പോരേ – അതല്ലേ ഹീറോയിസം എന്ന് ചോദിക്കുന്ന ബുദ്ധി കൂടിയ ജീവികള്‍ കേരളത്തിലും, ഇംഗ്ലീഷില്‍ എന്തിനാണ് ഹീബ്രൂവില്‍ വായിക്കുന്നതല്ലേ ഹീറോയിസം എന്ന് ചോദിക്കുന്ന ചില സരോജ് കുമാരന്മാരെങ്കിലും ലണ്ടനിലും കാണാതിരിക്കില്ല.

ഈ ബെസ്റ്റ് സെല്ലര്‍ ചരിത്രമാണ് നാളെ പി.എസ്.സി പേപ്പറിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. മലയാളം തര്‍ജ്ജമകള്‍ വിപണിയില്‍ ഇറക്കുന്നവര്‍, അവയുടെ ഇംഗ്ലീഷ് പ്രതികള്‍ വിപണി വിട്ട് പൊക്കോളണം എന്ന തിട്ടൂരമിറക്കാറുണ്ടോ എന്ന് എനിക്കറിയില്ല. ഇംഗ്ലീഷ് പുസ്തകം വായിക്കുന്നവര്‍ മലയാളം പരിഭാഷകള്‍ ഇറക്കരുത് എന്ന് വാശിപിടിക്കാറുണ്ടോ എന്നും എനിക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യം തിരക്കിയാല്‍ മലയാളം പരിഭാഷ ലഭ്യമാണെങ്കിലും ചില പുസ്തകങ്ങള്‍ ഇംഗ്ലീഷിലും, ചില ഇംഗ്ലീഷ് പുസ്തകങ്ങളുടെ മലയാളം പരിഭാഷകള്‍ തേടിപ്പിടിച്ചുമാണ് ഞാന്‍ വായിക്കാറ്. പ്രിയപ്പെട്ട ഇംഗ്ലീഷ് ഭാഷാ മൗലികവാദികള്‍ക്ക് മലയാളം തര്‍ജ്ജമകളേ വായിക്കാതെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രം തുടര്‍ന്നും വായിക്കാവുന്ന വിപണിയാണ് ഇവിടുള്ളത്.

ഈ വിപണിക്ക് വേണ്ടിയുള്ള സമരമാണ് കേരളത്തില്‍ നടക്കുന്നത്. പി.എസ്.സിയുടെ ചോദ്യപ്പേപ്പര്‍ ഇംഗ്ലീഷില്‍ വായിക്കേണ്ടവര്‍ക്ക് ഇംഗ്ലീഷിലും, മലയാളത്തില്‍ വായിക്കേണ്ടവര്‍ക്ക് മലയാളത്തിലും വായിക്കാന്‍ വേണ്ടിയുള്ള സമരം. ഒരുവശത്ത് മലയാളത്തിലും കൂടെ ചോദ്യം ലഭ്യമായിത്തുടങ്ങിയാല്‍, ഇംഗ്ലീഷില്‍ ചോദ്യം കാണുന്ന ഇടത് ഭാഗത്തേക്ക് കഴുത്ത് ചെരിച്ചു നോക്കാന്‍ കഴിയാത്ത വിധം ഞങ്ങള്‍ രോഗികള്‍ ആയിത്തീരും എന്ന വ്യാധിയാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയല്ല നിങ്ങളെ കാത്തിരിക്കുന്നത്, നിങ്ങള്‍ വലിയ അപകടത്തിലാണ് ആണ് എന്ന് സ്‌നേഹത്തോടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

ഇടതുവശത്ത് ഇംഗ്ലീഷ് ചോദ്യങ്ങളും വലതുവശത്ത് മലയാളം ചോദ്യങ്ങളും ചോദ്യപ്പേപ്പറില്‍ ലഭ്യമായി തുടങ്ങിയാല്‍, 85 % ചോദ്യങ്ങളും ഇംഗ്ലീഷില്‍ കണ്ടുത്തരം എഴുതുന്ന ഒരുദ്യോഗാര്‍ത്ഥിക്ക്, സമയപരിമിതിക്കുള്ളില്‍ വായിച്ച് മനസ്സിലാക്കാന്‍ പ്രയാസം തോന്നിയതുകൊണ്ട് മാത്രം താനിന്നോളം വിട്ടുകളഞ്ഞ 15 % ചോദ്യങ്ങള്‍ക്ക് വലതുവശത്തെ മലയാളം കണ്ട് ഉത്തരം എഴുതാം. ആ 15 % ആണ് അവനെ ഇന്നോളം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്തു നിര്‍ത്തിയത്. അവന്റെ ഭാഷയാണ് അവനെ ഇന്നോളം പുറത്തു നിര്‍ത്തിയത് എന്നാണ് അതിനര്‍ത്ഥം. ഇനിയും അവനെ പുറത്ത് നിര്‍ത്തരുത്. സംവരണത്തിലെ രാഷ്ട്രീയം തന്നെയാണ് ഭാഷയുടെ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കേണ്ടത്.

സര്‍ക്കാര്‍ റെക്കമന്റേഷനില്‍ ജോലി കിട്ടുന്നവര്‍, ജനപ്രതിനിധികളുടെ സില്‍ബന്തികള്‍, ലക്ഷങ്ങള്‍ കെട്ടിവച്ച് സര്‍ക്കാര്‍പ്പണി വാങ്ങുന്നവര്‍, കാലുപിടിച്ചും കാലുവാരിയും അക്കാദമീഷ്യരുടെ കുപ്പായം കിട്ടിപ്പോരുന്നവര്‍ – അങ്ങനെ പ്രതിഭ കൂടിയ മനുഷ്യര്‍ക്ക് ഈ സമരമോ / പി.എസ്.സി തന്നെയോ വിഷയമല്ല. ഈ പറയുന്ന ഞാനും ഇന്നോളം ഒരു പി.എസ്.സി പരീക്ഷയും എഴുതിയിട്ടില്ല, തുടര്‍ന്നും എഴുതാന്‍ ഇടയില്ല – പക്ഷേ ഞാനെന്തിന് എന്നല്ലേ, അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ അതിജീവന സമരങ്ങള്‍ എനിക്കു മനസ്സിലാകുന്നത് കൊണ്ട് എന്നത് മാത്രമല്ല അതിന്റെ ഉത്തരം. മറ്റൊരു ഭാഷ കണ്ടാല്‍ ഭ്രാന്ത് പിടിക്കുന്ന മനോരോഗം എനിക്കില്ലാത്തതു കൊണ്ടാണത്, വിവേകവും ബുദ്ധിയും പണയം വെക്കാതെ ജീവിക്കുന്നതാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്നതുകൊണ്ടും.

ഫോട്ടോ; ശശി ഡ്രീംസ്

 

 

Related Articles