ദേശീയപാതാ സര്‍വീസ് റോഡുകള്‍ക്ക് സമീപമുള്ള വീട് നിര്‍മ്മാണത്തിന് ആക്‌സസ് പെര്‍മിറ്റ് നിര്‍ബന്ധമാക്കില്ല; മന്ത്രി എം.ബി രാജേഷ്

HIGHLIGHTS : An access permit will not be required for house construction near National Highway Service Roads; Minister MB Rajesh

മലപ്പുറം:താമസ ആവശ്യത്തിനുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് ദേശീയപാതാ സര്‍വീസ് റോഡുകളില്‍ നിന്നുള്ള ആക്‌സസ് പെര്‍മിഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്‌സസ് പെര്‍മിഷന്‍ ഇല്ലാതെ തന്നെ വീടുകള്‍ക്ക് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ബില്‍ഡിങ് പെര്‍മിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളില്‍ വന്ന പരാതികള്‍ പരിഗണിച്ചാണ് പൊതുവായ തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. വിമാനത്താവളം, റെയില്‍വെ, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയുടെ എന്‍ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷനായിരുന്ന ടി വി ഇബ്രാഹിം എംഎല്‍എ ആണ് ഇക്കാര്യം അധ്യക്ഷ പ്രസംഗത്തില്‍ ഉന്നയിച്ചത്. എം എല്‍ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്‌സസ് പെര്‍മിറ്റിന്റെ മറവില്‍ വലിയ ചൂഷണങ്ങള്‍ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.

തദ്ദേശ അദാലത്തുകള്‍ വഴി നിരവധി പൊതുവായ പ്രശ്‌നങ്ങളിലാണ് ഇതിനകം തീരുമാനം ഉണ്ടാക്കാനായത്. ചട്ടങ്ങളിലെ അവ്യക്തതകളില്‍ വ്യക്തത വരുത്തുകയും കാലഹരണപ്പെട്ടവ കാലാനുസൃതമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളില്‍ 351 ഭേദഗതികള്‍ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശക്ക് പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വദേശത്തുള്ളവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന് അനുമതി, ലൈഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളില്‍ വീട് ലഭിച്ചവര്‍ക്ക് 7 വര്‍ഷത്തിന് ശേഷം വില്‍ക്കാന്‍ അനുമതി തുടങ്ങിയ തീരുമാനങ്ങള്‍ ഇതിനകം അദാലത്തിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ അദാലത്തില്‍ വെച്ച് തീര്‍പ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സന്ദീപ് കെ ജി, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന്‍ കാരാട്ട്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുഹ്‌റ അയമോന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!