വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ.രാജന്‍

HIGHLIGHTS : Rehabilitation of Vilangade disaster victims will be expedited: K. Rajan

careertech

കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കു നല്‍കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന്‍ എന്ന സ്ഥാപനം മുഖേന ലിഡാര്‍ സര്‍വ്വെ നടത്തിയ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ കോഴിക്കോട് എന്‍ ഐ ടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങള്‍ വാസ യോഗ്യമാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജനുവരിയില്‍ കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിര്‍ദേശം കൃഷി വകുപ്പ് മന്ത്രി നല്‍കി കഴിഞ്ഞു. ഉരുള്‍ പൊട്ടലിന്റെ ഫലമായി പുഴയില്‍ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനായി മേജര്‍ ഇറിഗേഷന്‍ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടര്‍ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ദുരന്തത്തില്‍ തകര്‍ന്നവ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള 7 പ്രവൃത്തികള്‍ക്കായി 49,60,000 രൂപ മൈനര്‍ ഇറിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചീനിയര്‍ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകര്‍ന്ന പാര്‍ശ്വ ഭിത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു. ദുരന്ത ബാധിതരായി താത്കാലിക വാടക വീടുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടംബത്തിലേയും മുതിര്‍ന്ന രണ്ട് പേര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി.

sameeksha-malabarinews

യോഗത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി, എ കെ ശശീന്ദ്രന്‍, നാദാപുരം എംഎല്‍എ ഇ കെ വിജയന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പിസിസിഎഫ് രാജേഷന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ കൗശികന്‍, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!