Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ജാഗ്രതപാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : Red alert in the district; Holiday for educational institutions tomorrow; Minister V should be careful. Abdurrahiman

മലപ്പുറം:റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (2022 ഓഗസ്റ്റ് മൂന്ന്) ജില്ലാകലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

ജില്ലയില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ തല ദുരന്തനിവാരണ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha-malabarinews

രക്ഷാപ്രവര്‍ത്തനത്തില്‍ വില്ലേജ് തല ദുരന്ത നിവാരണ കമ്മിറ്റിക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനാകും. വില്ലേജ്തല സമിതി കൂടുതല്‍ ജനകീയമായതിനാല്‍ അപകടങ്ങള്‍ പെട്ടെന്ന് തന്നെ അറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തി ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തസാദ്ധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ലൗഡ് സ്പീക്കര്‍ അനൗണ്‍സ്മെന്റുകള്‍ വഴി ജനങ്ങളെ ബോധവത്കരണം നടത്തിയതായി പഞ്ചായത്ത് ഉപഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി പൊലീസ്, റവന്യു വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ചു മാറ്റി ദുരന്ത സാദ്ധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിലമ്പൂര്‍ താലൂക്കിലെ ഗോത്രവര്‍ഗ്ഗ കോളനികളിലെ നിവാസികള്‍ ദുരന്തസമയത്ത് ഒറ്റപ്പെടാതിരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയതായും പഞ്ചായത്ത് ഉപഡയറക്ടര്‍ അറിയിച്ചു. കനത്ത മഴ മൂലം ഒറ്റപ്പെടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ 10 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ തയ്യാറാക്കി വെച്ചതായി ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു. ഏത് അടിയന്തിര ഘട്ടങ്ങളും നേരിടുന്നതിന് വൈദ്യുത, പൊതുമരാമത്ത് വകുപ്പ് സജ്ജമാണ്. തീരപ്രദേശത്ത് കടലാക്രമണ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.

ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രാഥമിക, കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളും 24 പ്രവര്‍ത്തനം തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം നിലമ്പൂരിലെത്തിയിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളി, പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യു, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം: 0483 2736320 (ലാന്‍ഡ് ലൈന്‍), 9383464212, 8848922188 (മൊബൈല്‍).

താലൂക്ക് അടിയന്തരഘട്ട നിര്‍വഹണ കേന്ദ്രങ്ങള്‍

പൊന്നാനി: 0494 2666038
തിരൂര്‍: 0494 2422238
തിരൂരങ്ങാടി: 0494 2461055
ഏറനാട്: 0483 2766121
പെരിന്തല്‍മണ്ണ: 04933 227230
നിലമ്പൂര്‍: 04931 221471
കെണ്ടോട്ടി: 0483 2713311

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!