HIGHLIGHTS : കോട്ടക്കല്‍: നോട്ടത്തിന്റെ മാന്ത്രികസ്‌പര്‍ശങ്ങള്‍ മലയാളിക്ക് പകര്‍ന്നുനല്‍കിയ റസാഖ് കോട്ടക്കല്‍ നിഴലും വെളിച്ചവുമില്ലാത്ത ലോകത്തേക്ക് വിട വാങ്ങ...
കോട്ടക്കല്‍: നോട്ടത്തിന്റെ മാന്ത്രികസ്‌പര്‍ശങ്ങള്‍ മലയാളിക്ക് പകര്‍ന്നുനല്‍കിയ റസാഖ് കോട്ടക്കല്‍ നിഴലും വെളിച്ചവുമില്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട് പൂര്‍ത്തിയാവുന്നു. തന്റെ ക്യാമറകണ്ണുകളില്‍ പ്രതിഭയുടെ അടയാളങ്ങള്‍ വരഞ്ഞിട്ട ആ മനുഷ്യന്‍ അംഗീകാരങ്ങള്‍ക്കു പിറകേ പോകാതെ കലാലോകത്തിന് അത്ര പരിചിതമല്ലാത്ത മാന്യതയുടെ ഒറ്റക്ലിക്കിലൊതുങ്ങി നിന്നു.
വയനാട് ജില്ലയിലെ ഓടത്തോട് പുല്ലത്തൊടിക അബൂബക്കറിന്റെയും നബീസയുടെയും മകനായ റസാഖ് 70 കളിലാണ് കോട്ടക്കലിലെത്തിയത്. ക്യാമറയും തൂക്കി താമരശ്ശേരി ചുരമിറങ്ങി വന്ന ഇദ്ധേഹത്തിന്റെ ജീവിതത്തിന്റെ നല്ല പാതി അങ്ങനെ കോട്ടക്കലിന് സ്വന്തമായി.

ചെറുപ്രായത്തില്‍ തന്നെ മുംബൈ നഗരത്തിലേക്ക് വണ്ടികയറിയ അനുഭവങ്ങളുടെ ഉലയില്‍ കിടന്നുപൊരിഞ്ഞ റസാഖിന് വയനാട്ടില്‍ നിന്ന് മലപ്പുറത്തേക്കുള്ള കൂടുമാറ്റം യാതൊരു പ്രശ്‌നവും സൃഷ്ടിച്ചിരുന്നില്ല. ഓരോ ചിത്രങ്ങളുടെയും പൂര്‍ണതക്ക് വേണ്ടിയുള്ള റസാഖിന്റെ അധ്വാനം എടുത്ത ചിത്രങ്ങളില്‍ നിന്ന് അനുഭവിച്ചറിയാന്‍ കഴിയും. കാഴ്‌ച്ചകളില്‍ ആരും കാണാത്ത ഇടങ്ങള്‍ പ്രത്യേകം ഒപ്പിയെടുത്ത് കലാപരമായി സംവിധാനിച്ചതാണ് റസാഖ് കോട്ടക്കലിനെ ജനപ്രിയനാക്കിയത്. കോട്ടക്കല്‍ ടൗണില്‍ ക്ലിന്റ് സ്റ്റുഡിയോസ്ഥാപിച്ച് റസാഖ് പേരിനൊപ്പം കോട്ടക്കല്‍ എന്ന അടിവരയിട്ടു.ബ്ലാക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ നിഴലും വെളിച്ചവും(ലൈറ്റ് ആന്‍ഡ് ഷേഡ്) പ്രധാന്യം കൊടുത്തുകൊണ്ടുള്ള ചിത്ര
ങ്ങള്‍ക്ക് ആദ്യമായി രൂപം നല്‍കി. കോട്ടക്കലില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പഴക്കമേറിയ സ്‌റ്റുഡിയോയാണ് ക്ലിന്റ് സ്‌റ്റുഡിയോ ജനപ്രിയസാഹിത്യങ്ങളിലും ആനുകാലികങ്ങളിലും റസാഖ് കോട്ടക്കലിന്റെ ചിത്രങ്ങള്‍ വായനക്കാരോട് നിരന്തരം സംവാദത്തിലേര്‍പ്പെട്ടിരുന്നു. ആഴ്‌ച്ചപ്പതിപ്പുകളുടെ കവര്‍ പേജുകളില്‍ റസാഖ് കോട്ടക്കലില്‍ പകര്‍ത്തിയ ചിത്രം ഒരു അനിവാര്യതയായി മാറി. സാഹിത്യകാരന്‍മാരായ വൈക്കം മുഹമ്മദ് ബഷീര്‍,കമല സുരയ്യ,എം ടി,ഒ വി വിജയന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരുടെ അപൂര്‍വ്വ നിമിഷങ്ങള്‍ റസാഖ് കോട്ടക്കലിന്റെ ക്യാമറക്കണ്ണില്‍ വിരിഞ്ഞ വിധം കലാപ്രേമികളെ ങ്‌ഇന്നും ഹരം കൊള്ളിക്കുന്നുണ്ട്. ഇവരുടെയെല്ലാം ആദ്യകാല ഫോട്ടോ ഗ്രാഫറായിരുന്നു ഇദ്ധേഹം. ഇതില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ ദിനചര്യകള്‍ അടങ്ങുന്ന അപൂര്‍വ്വവും രസകരവുമായ നിമിഷങ്ങള്‍ ക്യാമറക്കണ്ണില്‍ ഒപ്പിയെടുത്തത് ബഷീര്‍ കഥകള്‍ക്കൊപ്പം സാഹിത്യകുതുകികള്‍ അനുഭവിച്ചറിഞ്ഞതാണ്.
വയനാടന്‍ മലയിറങ്ങി വന്ന ഈ കലാകാരന്‍ തന്റെ ജീവിതത്തില്‍ നിന്ന് നക്‌സലൈറ്റുകളുമായുള്ള അടുപ്പവും മറച്ചുവെച്ചിരുന്നില്ല. കോട്ടക്കലില്‍ കളം സംഘടനക്ക് രൂപം നല്‍കിയത് ഈ ഫോട്ടോ ഗ്രാഫറാണ്. ഉണ്ണി കോട്ടക്കല്‍ പോലുള്ള പലരും ഇദ്ധേഹത്തിന്റെ ശിഷ്യത്തില്‍ ക്യാമറ പിടിച്ചവരാണ്. പ്രശസ്‌്‌ത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ മതിലുകള്‍,കഥാപുരുഷന്‍ എന്ന സിനിമകള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് പീസ് മൂവ്‌മെന്റിന്റെ അംഗമായി അമേരിക്കയുടെ ഇറാഖ് ആക്രമണ സമയത്ത് ഇറാഖ് സന്ദര്‍ശിച്ച് കാഴ്‌ച്ചകള്‍ ഒപ്പിയെടുത്തു. ജോഷി ജോസഫിന്റെ വണ്‍ ഡേ ഫ്രം ഹാങ്‌മെന്‍സ് ലൈഫ് എന്ന ഡോക്യൂമെന്ററിയുടെ ഛായഗ്രഹണം നിര്‍വഹിച്ചത് റസാഖ് കോട്ടക്കലാണ്. വിവാദമായ ഈ ഡോക്യുമെന്ററി പശ്ചിമബംഗാളില്‍ നിരോധിക്കുകയുണ്ടായി. രണ്ട് ബംഗാളി സിനിമകള്‍ സംവിധാനം ചെയ്‌തും തന്റെ കലാജീവിതം വര്‍ണാഭമാക്കാനും ഇയാള്‍ മറന്നില്ല.അടൂരിനെ റസാഖ് കോട്ടക്കല്‍ ക്യാമറയിലാക്കിയ വിധം പ്രദര്‍ശിപ്പിച്ച് തിരുവനന്തപുരത്ത് ഒരു ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കഥാകൃത്തെന്ന നിലയിലും ഇദ്ധേഹം അറിയപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2014 ഏപ്രില്‍ 9 ന് വയനാട്ടിലായിരുന്നു റസാഖ് കോട്ടക്കലിന്റെ അന്ത്യം.