കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുന്നംവള്ളി വീട്ടില്‍ ശിഹാബാണ് പൊലീസ് പിടിയിലായത്. താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തില്‍ നിന്നും പിടികൂടി പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്.
അര്‍ജൂന്‍ ആയങ്കി വരുന്ന വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച് ആക്രമിക്കാന്‍ താമരശ്ശേരി സംഘത്തില്‍ നിന്നും ക്വട്ടേഷന്‍ കിട്ടിയതായി പ്രതി അന്വേഷണ സംഘത്തെ അറിയിച്ചു.
ഇതിനിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ രണ്ടാം വട്ടവും ചോദ്യം ചെയ്തു വിട്ടയച്ചു. നേരത്തെ അമല നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമലയെ കസ്റ്റംസ് വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെ കസ്റ്റംസ് ഓഫീസിലെത്തിയ അമലയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. അര്‍ജുന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് അമലയ്ക്ക് അറിവുണ്ടായിരുന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഹര്‍ജി മാസം 19 ലേക്ക് മാറ്റി. അര്‍ജുനെതിരെ യാതൊരു തെളിവും സമാഹരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും ആയങ്കിയുടെ അഭിഭാഷകന്‍ വാദിച്ചു. ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് പരിഗണിക്കുന്നത്. കോടി സുനിയുമായി അര്‍ജുന് നേരിട്ട് ബന്ധമുള്ളതായിട്ടാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് അമയ്ക്ക് അറിവുണ്ടായിരുന്നെന്നും കസ്റ്റംസ് കരുതുന്നുണ്ട്.




