വാര്‍ദ്ധക്യത്തെ ഓടിത്തോല്‍പ്പിച്ച് രാജഗോപാല്‍; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരന്‍

കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാല്‍. കൊച്ചി മാരത്തോണിന്റെ ട്രാക്കില്‍ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോണ്‍ പൂര്‍ത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളില്‍ മുന്‍പും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണില്‍ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്.

വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാല്‍ വിശ്വസിക്കുന്നു. ‘മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകള്‍ക്കിടയില്‍ ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാള്‍ പ്രായം കുറഞ്ഞ സുഹൃത്തുക്കളാണ് എനിക്കുള്ളത്,’ രാജഗോപാല്‍ തന്റെ ഊര്‍ജ്ജത്തിന്റെ രഹസ്യം പങ്കുവെച്ചു.

പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി. വാസുദേവന്‍ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ ഇവരുടെ ജൂനിയറായിരുന്നു രാജഗോപാല്‍. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ എയര്‍ഫോഴ്‌സില്‍ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചു. പിന്നീട് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് സ്വന്തമായി സംരംഭം ആരംഭിച്ചു. അങ്ങനെ കൊച്ചിയില്‍ സ്ഥിരതാമസം ആരംഭിച്ചു.

ജീവിതത്തില്‍ ഇതുവരെ മദ്യപാനമോ പുകവലിയോ ഏഴയലത്ത് അടുപ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തെ മറവിയോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇതുവരെ ബാധിച്ചിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും സംരക്ഷിക്കാമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

‘പ്രായം കൂടുമ്പോള്‍ നമ്മള്‍ മക്കളെ സ്വതന്ത്രരായി വിടണം. വാര്‍ദ്ധക്യത്തില്‍ ജീവിക്കാനുള്ള സ്വയംപര്യാപ്തത ഓരോരുത്തരും മുന്‍കൂട്ടി നേടേണ്ടത് അത്യാവശ്യമാണ്,’ രാജഗോപാല്‍ പുതുതലമുറയോട് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top