തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വിവിധ ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ നേരത്തേ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 02-06-2024 വരെ തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് വടവാതൂരിലാണ്. 100 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പുയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




