തേഞ്ഞിപ്പലം: പാഴിയിപ്പോകുന്ന മഴവെള്ളം ശുചിമുറികളില്‍ ഉപയോഗിക്കുന്ന പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ തുടക്കമായി. ഭരണകാര്യാലയ കെട്ടിടത്തിന്റെ മുകളില്‍ പ്രത്യേകം വൃത്തിയാക്കിയ സ്ഥലത്ത് വീഴുന്ന മഴവെള്ളമാണ് പൈപ്പുകളിലൂടെ ശേഖരിച്ച്, ശുദ്ധീകരിച്ച് ടാങ്കുകളിലെത്തിക്കുന്നത്. രണ്ടാം നിലയിലും ഒന്നാം നിലയിലുമായി ഇതിനു വേണ്ടി ആയിരം ലിറ്ററിന്റെ നാല് വീതം ടാങ്കുകളുണ്ട്. ഈ ടാങ്കുകളില്‍ നിന്നുള്ള വെള്ളം തൊട്ടു താഴത്തെ നിലകളിലെ ശുചിമുറികളിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. ടാപ്പുകള്‍, ഫ്‌ളഷ് ടാങ്ക് എന്നിവയിലേക്ക് ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നതിനനുസരിച്ച് കുറയുന്ന വെള്ളം മഴയ്ക്കനുസരിച്ച് വീണ്ടും ടാങ്കില്‍ നിറയും.
മഴക്കാലത്ത് പ്രതിവര്‍ഷം പത്ത് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം ഇങ്ങനെ ഉപയോഗിക്കാമെന്ന് പദ്ധതിക്ക് നിര്‍ദേശം നല്‍കിയ ബയോടെക്‌നോളജി വിഭാഗം അസോ. പ്രൊഫ. സി. ഗോപിനാഥന്‍ പറഞ്ഞു. ഭരണകാര്യാലയ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ അഞ്ച് ശതമാനം സ്ഥലം മാത്രമാണ് ഇതിനായി വിനിയോഗിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ചെലവ്.
പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, ഗവേഷണ ഡയറക്ടര്‍ ഡോ. ബേബി ഷാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




