
ചെന്നൈ: കടലൂര്‍ റെയില്‍വെ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലെവല്‍ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. രാജ്യവ്യാപകമായി എല്ലാ ലെവല്‍ ക്രോസിലും സിസിടിവി സ്ഥാപിക്കും. പച്ചലൈറ്റ് കത്തുന്ന ഇന്റര്‍ ലോക്കിങ് സംവിധാനം വേഗത്തില്‍ എല്ലായിടത്തും നടപ്പാക്കും. ഇന്റര്‍ ലോക്കിങ് സംവിധാനം ഇല്ലാത്ത ഗേറ്റുകളിലെ വോയ്സ് റെക്കോര്‍ഡിങ് ദിവസത്തില്‍ രണ്ട് തവണ പരിശോധിക്കുമെന്നും റെയില്‍വേ അറിയിച്ചു.
റെയില്‍വേ ഗേറ്റിന് സമീപം സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ലെവല്‍ ക്രോസുകള്‍ ഒഴിവാക്കി പകരം ഓവര്‍ ബ്രിഡ്ജും അടിപ്പാതകളും സ്ഥാപിക്കും. സബ്വേകള്‍ നിര്‍മ്മിക്കുന്ന പദ്ധതി വേഗത്തിലാക്കാനും തീരുമാനമുണ്ട്. അപകടസാധ്യതയുള്ള ഗേറ്റുകളുടെ പട്ടിക തയാറാക്കി. ആര്‍പിഎഫ് – ഹോം ഗാര്‍ഡുകളെ ഇവിടങ്ങളില്‍ നിയോഗിക്കും. രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്കാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കടലൂര്‍ ചിദംബരത്തിനടുത്തുള്ള സെമ്മങ്കുപ്പം റെയില്‍വേ ഗേറ്റില്‍ ഇന്നലെ രാവിലെ ഏഴേ മുക്കാലിനാണ് നടുക്കുന്ന അപകടം നടന്നത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാന്‍ വിഴുപ്പുറം , മയിലാടുതുറൈ പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിമിലേഷ്, 11ാം ക്ലാസ് വിദ്യാര്‍ത്ഥി ചാരുമതി, 10ാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ചെഴിയന്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും വാന്‍ ഡ്രൈവറും രക്ഷാപ്രവര്‍ത്തനത്തിനിടെ ഷോക്കേറ്റ 55കാരനായ പ്രദേശവാസിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




