ഊര് ചുറ്റല്‍ മാത്രം പോര; രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ചന്ദ്രിക

1950787കോഴിക്കോട് : കോണ്‍ഗ്രസ്സിന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തെ ഓര്‍മിപ്പിച്ചും രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചും മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത്. പ്രചരണഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസ്സിന് ഗുണം ചെയ്തില്ല എന്നു പറയുന്ന ചന്ദ്രിക ഇന്ത്യയുടെ ആത്മാവ് തൊടാന്‍ ഈ ഊരുചുറ്റല്‍ മാത്രം മതിയാകുമായിരുന്നില്ലെന്ന് അറിയണമെന്ന് രാഹുല്‍ഗാന്ധിയുടെ യാത്രകളെ ഓര്‍മിപ്പിച്ചു കൊണ്ട് എഴുതുന്നു.
ചന്ദ്രികയുടെ മെയ് 21 ലെ മുഖപ്രസംഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനം. കോണ്‍ഗ്രസ്സിന്റെ തോല്‍വി മതേതര വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു.

രാഹുല്‍ഗാന്ധി യൂത്ത് ബ്രിഗേഡിനെ കുറിച്ചും ചന്ദ്രിക അഭിപ്രായം പറയുന്നുണ്ട്. ഇത്തവണ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് വേദിയായിരുന്നത് രാഹുല്‍ഗാന്ധിയുടെ വീടാണ്. അനുഭവ സമ്പത്തുള്ള നേതാക്കള്‍ ഈ വീടിന്റെ പടിക്ക് പുറത്തായിരുന്നു എന്ന് ചന്ദ്രിക പറയുന്നു. തനിക്ക് ചുറ്റുമുള്ള യുവ നേതൃ നിരയിലെ ചിലരെ മാത്രമാണ് രാഹുല്‍ വിശ്വസിച്ചതെന്നും ചന്ദ്രിക കുറ്റപ്പെടുത്തുന്നു.

മികച്ച പ്രാദേശിക സഖ്യകക്ഷികളുടെ അഭാവം, തെറ്റായ സാമ്പത്തിക നയം, വിലകയറ്റം,അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും ഭരണ പരാജയവും ഈ തോല്‍വിക്ക് ആക്കം കൂട്ടിയെന്ന് ചന്ദ്രിക വിലയിരുത്തുന്നു. കോണ്‍ഗ്രസ്സിനെ ശുദ്ധികലശം ചെയ്ത് ജനവിശ്വാസം വീണ്ടെടുക്കാനുള്ള ആദ്യപടിയാകട്ടെ പാര്‍ട്ടിയെ അഴിച്ചു പണിയാനുള്ള തീരുമാനമെന്നും ചദ്രിക പറയുന്നു.

തീവ്ര ഹിന്ദു രാഷ്ട്രീയത്തിന്റെ തത്ത്വങ്ങള്‍ക്ക് മറയില്ലാതെ എടുത്തണിയുന്ന ബിജെപിയിലേക്ക് മതേതര രാഷ്ട്രത്തിന്റെ ചെങ്കോല്‍ മാറുന്നത് ഉത്കണ്ഠ നല്‍കുന്നുവെങ്കിലും ജനവിധി അംഗീകരിച്ചേ മതിയാകുവെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

ചന്ദ്രികയുടെ മുഖപ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത് എത്തി കഴിഞ്ഞു.

 

Share news
error: Content is protected !!
Scroll to Top